
ലഖ്നൗ: ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുസൃതിയുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍. വാര്‍ത്താസമ്മേളനത്തിനിടെ വന്ന ഫോണ്‍കോളാണ് രംഗം രസകരമാക്കിയത്.
മത്സരത്തിന് ശേഷം അര്‍ധരാത്രിയോടെ ആയിരുന്നു പത്രസമ്മേളനം. ജസ്റ്റിന്‍ ലാംഗര്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങവെ അദ്ദേഹത്തിന് സമീപത്തുണ്ടായിരുന്ന ഒരു ഫോണിലേക്ക് ഒരു കോള്‍ എത്തി. മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളുടെ ഫോണായിരുന്നു ഇത്. ഫോണ്‍ സ്‌ക്രീനില്‍ 'മോം' എന്ന് തെളിഞ്ഞതോടെ ഇതാരുടെ ഫോണ്‍ ആണെന്ന് ലാംഗര്‍ ചോദിക്കുകയും പിന്നീട് ഉടമയുടെ സമ്മതത്തോടെ കോള്‍ അറ്റന്‍ഡ് ചെയ്യുകയുമായിരുന്നു. പിന്നീടുള്ള ലാംഗറുടെ മറുപടിയാണ് ചടങ്ങിനെ പൊട്ടിച്ചിരിയിലേക്ക് നയിച്ചത്.
''അമ്മേ... ഇപ്പോള്‍ സമയം രാത്രി 12.08 ആണ്. ഞാന്‍ ഒരു പത്ര സമ്മേളനത്തിലാണ്...'' എന്നായിരുന്നു ലാംഗറുടെ പ്രതികരണം. ഇതോടെ ചിരിയടക്കാനാകാതെ സദസും ജസ്റ്റിന്‍ ലാംഗറുടെ തമാശയ്ക്ക് ഒപ്പം ചേര്‍ന്നു.
12 റണ്‍സിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചായിരുന്നു വിജയിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഈ സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് കണ്ടെത്തി. മറുപടി പറയാനിറങ്ങിയ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ 191 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
അവസാന ഓവറില്‍ 22 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ഈ ഓവര്‍ എറിഞ്ഞ ആവേശ് ഖാന്റെ മികവാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്. താരം 9 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി നേടി പൊരുതിയെങ്കിലും മികച്ച ബൗളിങും ഫീല്‍ഡിങുമായി ലഖ്നൗ കളി പിടിക്കുകയായിരുന്നു. 24 പന്തില്‍ 9 ഫോറും ഒരു സിക്സും സഹിതം സൂര്യകുമാര്‍ യാദവ് 67 റണ്‍സെടുത്തു.
നമാന്‍ ദിര്‍ 24 പന്തില്‍ 4 ഫോറും 3 സിക്സും സഹിതം 46 റണ്‍സെടുത്തു. തിലക് വര്‍മ 25 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 16 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും ജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ലഖ്നൗവിനായി ശാര്‍ദുല്‍ ഠാക്കൂര്‍, അകാശ് ദീപ്, അവേശ് ഖാന്‍, ദിഗ്വേഷ് രതി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നാല് കളികളില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക