
ഹൈദരാബാദ്: സ്വന്തം മൈതാനത്ത് തൊട്ടതെല്ലാം പിഴച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഹതാശരായി നിന്നു. ഐപിഎല്ലില്‍ എസ്ആര്‍എച്ചിനു തുടരെ നാലാം തോല്‍വി. ഗുജറാത്ത് ടൈറ്റന്‍സ് അനായാസ വിജയം സ്വന്തമാക്കി. നാല് കളിയില്‍ മൂന്നാം ജയത്തോടെ ഗുജറാത്ത് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. 7 വിക്കറ്റ് ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് സ്വന്തം തട്ടകത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. ഗുജറാത്ത് 16.4 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 153 റണ്‍സെടുത്ത് വിജയം പിടിച്ചു.
തുടക്കത്തില്‍ സായ് സുദര്‍ശനേയും (5) പിന്നാലെ ജോസ് ബട്‌ലറേയും (0) നഷ്ടമായി പരുങ്ങി തുടങ്ങിയ ഗുജറാത്ത് പിന്നീട് ട്രാക്കിലായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറിയുമായി കരുതി കളിച്ച് ഒരറ്റം കാത്തപ്പോള്‍ മറുഭാഗത്ത് വാഷിങ്ടന്‍ സുന്ദറും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡും ചേര്‍ന്നു ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു.
ശുഭ്മാന്‍ ഗില്‍ 43 പന്തില്‍ 9 ഫോറുകള്‍ സഹിതം 61 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റനൊപ്പം റുതര്‍ഫോര്‍ഡും പുറത്താകാതെ നിന്നു. താരം വെറും 16 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സ് വാരി.
വാഷിങ്ടന്‍ സുന്ദര്‍ മിന്നലടികളുമായി കളം വാണു. താരം 29 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 49 റണ്‍സെടുത്തു.
അഭിഷേക് ശര്‍മയെ ഒരോവറില്‍ 18 റണ്‍സെടുത്തു ശിക്ഷിച്ച റുതര്‍ഫോര്‍ഡ് ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ പൂര്‍ണമായി തല്ലിക്കെടുത്തി.
എസ്ആര്‍എച്ചിനായി മുഹമ്മദ് ഷമി 2 വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റെടുത്തു.
നേരത്തെ ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാര്‍ എസ്ആര്‍എച്ചിന്റെ മികച്ച സ്‌കോറെന്ന സ്വപ്‌നത്തിനു തടയിട്ടു. ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മിന്നലടിക്കാരായ ഓപ്പണിങ് സഖ്യം അഭിഷേക് ശര്‍മ- ട്രാവിസ് ഹെഡ് സഖ്യത്തെ നിലയുറപ്പിക്കാന്‍ സമ്മതിക്കാതെ പുറത്താക്കി വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട മുഹമ്മദ് സിറാജ് മത്സരത്തില്‍ എസ്ആര്‍എച്ചിനു ഉണ്ടാക്കിയ തലവേദന ചെറുതല്ല. താരം 4 ഓവറില്‍ 17 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. അഭിഷേക്, ഹെഡ്, മധ്യനിരയില്‍ പൊരുതാന്‍ ശ്രമിച്ച അനികേത് വര്‍മ, അതേ ഓവറില്‍ സിമര്‍ജീത് സിങ് എന്നിവരെയാണ് സിറാജ് മടക്കിയത്.
സായ് കിഷോറിന്റെ സ്പിന്നും ഹൈദരാബാദിനെ കുഴക്കി. താരം 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണയും മികവോടെ പന്തെറിഞ്ഞു. താരവും 2 വിക്കറ്റെടുത്തു.
19 പന്തില്‍ 27 റണ്‍സെടുത്ത ഹെയ്ന്റിച് ക്ലാസന്‍ 9 പന്തില്‍ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെ കൂറ്റനടികളാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത്. ഇന്നിങ്‌സില്‍ ആകെ രണ്ട് സിക്‌സുകള്‍ മാത്രമാണ് പിറന്നത്. ഒരു സിക്‌സ് ക്ലാസനും ഒരു സിക്‌സും കമ്മിന്‍സും പറത്തി.
നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍. താരം 31 റണ്‍സെടുത്തു. അഭിഷേക് ശര്‍മ 18 റണ്‍സും കണ്ടെത്തി. ഇഷാന്‍ കിഷന്‍ 17 റണ്‍സെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക