IPL 2025: ലഖ്‌നൗ 238, കൊല്‍ക്കത്ത 234! ഈഡന്‍ ഗാര്‍ഡന്‍സിലെ ത്രില്ലര്‍; എല്‍എസ്ജി ജയം 4 റണ്‍സിന്

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 35 പന്തില്‍ 61 റണ്‍സ്
Lucknow beat Kolkata by 4 runs
അജിന്‍ക്യ രഹാനെഎക്സ്
Updated on

കൊല്‍ക്കത്ത: ത്രില്ലര്‍ ജയം ചെയ്‌സ് ചെയ്ത് സ്വന്തമാക്കാനുള്ള അവസരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നഷ്ടപ്പെടുത്തി. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരില്‍ വലിയ സ്‌കോറുകള്‍ പിറന്നപ്പോള്‍ കെകെആര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു മുന്നില്‍ 4 റണ്‍സിനു പൊരുതി വീണു.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. മറുപടി അതേ നാണയത്തില്‍ നല്‍കിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു തോന്നിച്ചു. എന്നാല്‍ അവരുടെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സില്‍ അവസാനിച്ചു. 6.2 ഓവറില്‍ കൊല്‍ക്കത്ത 91 റണ്‍സിലെത്തിയിരുന്നു. 13 ഓവറില്‍ അവര്‍ 162 റണ്‍സും കണ്ടെത്തി. എന്നിട്ടും ലക്ഷ്യത്തിലെത്താന്‍ അവര്‍ക്ക് സാധിച്ചില്ല.

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 8 ഫോറും 2 സിക്‌സും സഹിതം 35 പന്തില്‍ 61 റണ്‍സെടുത്തു. വെങ്കടേഷ് അയ്യര്‍ 29 പന്തില്‍ 45 റണ്‍സ് കണ്ടെത്തി. ഓപ്പണര്‍ സുനില്‍ നരെയ്ന്‍ 13 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 30 റണ്‍സെടുത്തു.

അവസാന പ്രതീക്ഷയായ റിങ്കു സിങു പരമാവധി ശ്രമിച്ചെങ്കിലും അന്തിമ ജയത്തിനു നാല് റണ്‍സ് അകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. താരം 15 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ ഒരു മയവുമില്ലാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബാറ്റര്‍മാര്‍ കളം വാണപ്പോള്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍് കൂറ്റന്‍ സ്‌കോര്‍ പിറക്കുകയായിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കെകെആറിന്റെ തീരുമാനം പാളി. എയ്ഡന്‍ മാര്‍ക്രം- മിച്ചല്‍ മാര്‍ഷ് സഖ്യവും പിന്നാലെ എത്തിയ നിക്കോളാസ് പൂരാനും ചേര്‍ന്നു സംഹാര താണ്ഡവമാടി. വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയും ഒഴികെയുള്ളവര്‍ ശരിക്കും തല്ലു വാങ്ങി. ആന്ദ്രെ റസ്സല്‍ എറിഞ്ഞ 18ാം ഓവറില്‍ 24 റണ്‍സാണ് പൂരാന്‍ അടിച്ചെടുത്തത്.

വെറും 36 പന്തില്‍ 8 സിക്‌സും 7 ഫോറും സഹിതം നിക്കോളാസ് പൂരാന്‍ 87 റണ്‍സ് വാരി. മിച്ചല്‍ മാര്‍ഷ് 48 പന്തില്‍ 5 സിക്‌സും 6 ഫോറും സഹിതം 81 റണ്‍സ് കണ്ടെത്തി. മാര്‍ക്രം 28 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 47 റണ്‍സും കണ്ടെത്തി.

എയ്ഡന്‍ മാര്‍ക്രം- മിച്ചല്‍ മാര്‍ഷ് സഖ്യം 99 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മാര്‍ഷ്- പൂരാന്‍ സഖ്യം 71 റണ്‍സും കൂട്ടിച്ചേര്‍ത്തു. കെകെആറിനായി ഹര്‍ഷിത് റാണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആന്ദ്ര റസ്സല്‍ ഒരു വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com