
അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 58 റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159 ന് പുറത്തായി. ഇതോടെ സീസണിലെ നാലാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ തുടക്കം തന്നെ പതറി. 12 റണ്‍സിനിടെ തന്നെ ടീമിന് രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. യശസ്വി ജയ്സ്വാളും(6) നിതീഷ് റാണയും(1) നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റില്‍ സഞ്ജു സാംസണും റയാന്‍ പരാഗും ചേര്‍ന്നാണ് രാജസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് അതിവേഗം സ്‌കോറുയര്‍ത്തിയെങ്കിലും ടീം സ്‌കോര്‍ 60 ല്‍ നില്‍ക്കേ പരാഗ് (26) പുറത്തായി. പിന്നാലെ അഞ്ച് റണ്‍സ് മാത്രമെടുത്ത് ധ്രുവ് ജുറലും കൂടാരം കയറിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. ടീം 68-4 എന്ന നിലയിലേക്ക് വീണു.
എന്നാല്‍ ക്രീസിലൊന്നിച്ച സഞ്ജുവും ഹെറ്റ്മയറും രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100-കടത്തി. എന്നാല്‍ സഞ്ജുവിനെ പുറത്താക്കി പ്രസിദ്ധ് ബ്രേക്ക്ത്രൂ നല്‍കി. 28 പന്തില്‍ നിന്ന് 41 റണ്‍സെടുത്താണ് സഞ്ജു മടങ്ങിയത്. ഒരു റണ്‍ മാത്രമെടുത്ത് ശുഭം ദുബെയും പുറത്തായതോടെ ടീം 119-6 എന്ന നിലയിലായി. പിന്നീട് വന്നവര്‍ക്കാര്‍ക്കും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. ജൊഫ്ര ആര്‍ച്ചര്‍(4), തുഷാര്‍ ദേശ്പാണ്ഡെ(3) എന്നിവര്‍ വേഗം മടങ്ങി. ഹെറ്റ്മെയര്‍ അര്‍ധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ 19.2 ഓവറില്‍ 159 റണ്‍സിന് രാജസ്ഥാന്റെ ഇന്നിങ്സ് അവസാനിച്ചു. പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക