
പെഷവാർ: പാകിസ്ഥാൻ ക്രിക്കറ്റ് ടീം തിരിച്ചടികളിലൂടെ സഞ്ചരിക്കുന്നതിനിടെ താരങ്ങളുടെ ഫിറ്റ്നസ് അടക്കം വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. അതിനിടെ പാകിസ്ഥാൻ സൂപ്പർ ലീഗ് പോരാട്ടങ്ങളുടെ പുതിയ സീസൺ തുടങ്ങാനിരിക്കെ താരങ്ങൾക്ക് മട്ടൻ ബിരിയാണി തന്നെ വിളമ്പി അത്താഴ വിരുന്നൊരുക്കി പെഷവാർ സാൽമി ടീം! പാക് ടീമിലെ സൂപ്പർ താരങ്ങളായ ബാബർ അസം, മുഹമ്മദ് ഹാരിസ് അടക്കമുള്ളവരും വിദേശ താരങ്ങളേയും ഉൾപ്പെടുത്തിയാണ് ടീമിന്റെ വിഭവസമൃദ്ധ അത്താഴ വിരുന്ന്.
പിഎസ്എൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാംപ്യൻമാരായ ഇസ്ലാമബാദ് യുനൈറ്റഡും ലാഹോർ ക്വാൻഡേഴ്സും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. അതിനു മുന്നോടിയായാണ് വിരുന്ന് സംഘടിപ്പിച്ചത്.
പാക് താരങ്ങളുടെ ഫിറ്റ്നസും ടീമിന്റെ മോശം പ്രകടനങ്ങളും സമീപ കാലത്ത് വലിയ ചർച്ചയായിരുന്നു. അതിനിടെയാണ് അത്താഴ വിരുന്നിലെ താരങ്ങളുടെ ചില ദൃശ്യങ്ങൾ വൈറലായി മാറിയത്. ആവി പറക്കുന്ന മട്ടൻ ബിരിയാണിക്കു സമീപം ബാബർ അസം നിൽക്കുന്നതിന്റേയും കഴിക്കുന്നതിന്റേയും മറ്റൊരാളെ കഴിക്കാൻ വിളിക്കുന്നതിന്റേയുമൊക്കെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം ഇത്തരത്തിലുള്ള ഭക്ഷണമൊരുക്കി താരങ്ങളുടെ ഫിറ്റ്നസിനു വലിയ പ്രാധാന്യം കൊടുക്കാത്ത ഫ്രാഞ്ചൈസികളുടെ നിലപാടിനെ ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. പാക് ടീമിലേക്കു തിരിച്ചു വരാൻ ശ്രമിക്കുന്ന ബാബർ അസം അടക്കമുള്ള താരങ്ങൾക്ക് പിഎസ്എൽ പോരാട്ടങ്ങൾ നിർണായകമാണ്.
ഐപിഎൽ മെഗാ ലേലത്തിൽ ടീമുകൾ തഴഞ്ഞ നിരവധി വിദേശ താരങ്ങൾ പിഎസ്എൽ കളിക്കാനെത്തുന്നുണ്ട്. ഐപിഎൽ പോരാട്ടങ്ങൾക്കിടെ പിഎസ്എൽ മത്സരങ്ങൾ നടക്കുന്നത് തത്സമയ സംപ്രേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക