
ലഖ്‌നൗ: സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അനായാസം വീഴ്ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇന്നത്തെ ആദ്യ ഐപിഎല്‍ പോരില്‍ 6 വിക്കറ്റ് ജയമാണ് ലഖ്‌നൗ ആഘോഷിച്ചത്. നിശ്ചിത ഓവറില്‍ ഗുജറാത്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തി. ജയം തേടിയിറങ്ങിയ ലഖ്‌നൗ 19.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്താണ് വിജയം പിടിച്ചത്.
മിന്നും ഫോമില്‍ നില്‍ക്കുന്ന വിന്‍ഡീസ് താരം നിക്കോളാസ് പൂരാന്‍ ഒരിക്കല്‍ കൂടി ടീമിനായി വെടിക്കെട്ടുമായി കളം വാണു. താരം 7 സിക്‌സും ഒരു ഫോറും സഹിതം 34 പന്തില്‍ 61 റണ്‍സ് അടിച്ചു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമും അര്‍ധ സെഞ്ച്വറിയടിച്ചു. താരം 31 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്തു.
വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ന് കളിക്കാതിരുന്ന മിച്ചല്‍ മാര്‍ഷിനു പകരം ക്യാപ്റ്റന്‍ ഋഷഭ് പന്താണ് എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം ഓപ്പണിങ് ഇറങ്ങിയത്. സഖ്യം മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. പന്തിന്റെ വിക്കറ്റാണ് ലഖ്‌നൗവിന് ആദ്യം നഷ്ടമായത്. താരം 18 പന്തില്‍ 21 റണ്‍സെടുത്തു.
നാലാമനായി ക്രീസിലെത്തിയ ആയുഷ് ബദോനി പുറത്താകാതെ നിന്നു ടീമിനെ ജയത്തിലെത്തിച്ചു. താരം 20 പന്തില്‍ 28 റണ്‍സെടുത്തു.
ഗുജറാത്ത് നിരയില്‍ പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റെടുത്തു. റാഷിദ് ഖാന്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി ലഖ്‌നൗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്തിനായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്നു മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങില്‍ ഇരുവരും 12.1 ഓവറില്‍ 120 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. എന്നാല്‍ പിന്നീട് ഗുജറാത്ത് ബാറ്റിങിനു ലഖ്‌നൗ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടു.
ഗില്‍ 38 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തു. മിന്നും ഫോമില്‍ ബാറ്റ് വീശുന്ന സായ് സുദര്‍ശന്‍ 37 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സും കണ്ടെത്തി. ഇരുവരും പുറത്തായ ശേഷം സ്‌കോറിങിന്റെ വേഗതയും കുറഞ്ഞു.
ജോസ് ബട്‌ലര്‍ 14 പന്തില്‍ 16 റണ്‍സും ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 19 പന്തില്‍ 22 റണ്‍സും കണ്ടെത്തി. 6 പന്തില്‍ 11 റണ്‍സെടുത്ത ഷാരൂഖ് ഖാനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം പുറത്താകാതെ നിന്നു.
ലഖ്‌നൗവിനായി ശാര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ദിഗ്വേഷ് റാതി, ആവേശ് ഖാന്‍ എന്നിവര്‍ ാേരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക