
ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിങ്സും തമ്മിലുള്ള മത്സരത്തിനിടെ ഓസ്ട്രേലിയൻ താരങ്ങളുടെ വാക്കു തർക്കം. സൺറൈസേഴ്സ് താരം ട്രാവിസ് ഹെഡും പഞ്ചാബ് താരങ്ങളായ ഗ്ലെൻ മാക്സ്‍വെൽ, മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് തമ്മിലിടഞ്ഞത്. അംപയർ ഇടപെട്ടാണ് ഒടുവിൽ താരങ്ങളെ പിന്തിരിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ വൈറലായി.
പഞ്ചാബ് ഉയർത്തിയ കൂറ്റൻ ലക്ഷ്യം ഹൈദരാബാദ് പിന്തുടരുന്നതിനിടെ ഒൻപതാം ഓവറിലാണ് സംഭവം. മാക്സ്‍വെൽ എറിഞ്ഞ 9ാം ഓവറിൽ ഹെഡ് തുടരെ രണ്ട് സിക്സുകൾ തൂക്കിയിരുന്നു. അടുത്ത പന്ത് വേഗം കൂട്ടി എറിഞ്ഞതോടെ ഹെഡിനു റൺസെടുക്കാൻ സാധിച്ചില്ല. പിന്നാലെ മാക്സ്‍വെൽ എന്തോ പറഞ്ഞു. ഹെഡ് അതിനു മറുപടി പറഞ്ഞു. ഈ വാക് പോര് തുടരുന്നതിനിടെ മാർക്കസ് സ്റ്റോയിനിസും അവിടേക്ക് ഓടിയെത്തി. താരവും ഹെഡിനോട് എന്തോ പറഞ്ഞു. സ്റ്റോയിനിസിനോടും ഹെഡ് തന്റെ അതൃപ്തി പറയുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ അംപയർ ഇടപെട്ട് രംഗം ശാന്തമാക്കി. എന്നാൽ ഗ്രൗണ്ടിൽ അരങ്ങേറിയ സംഭവം വെറും തമാശ മാത്രമാണെന്നു ഓസീസ് താരങ്ങൾ പ്രതികരിച്ചു.
സീസണിലെ ത്രില്ലർ പോരാട്ടമാണ് ഹൈദരാബാദിൽ അരങ്ങേറിയത്. തുടർ തോൽവികളുമായി നട്ടംതിരിഞ്ഞ എസ്ആർഎച് മറ്റൊരു വമ്പൻ തോൽവി ഏറ്റുവാങ്ങാൻ പോകുന്നുവെന്ന പ്രതീതിയായിരുന്നു പഞ്ചാബ് 245 റൺസ് ഉയർത്തിയപ്പോൾ കടുത്ത ആരാധകൻ പോലും കരുതിയത്. എന്നാൽ ഇതുവരെ ഫോമിലെത്താതിരുന്ന അഭിഷേക് ശർമ തച്ചു തകർക്കുന്ന മൂഡിൽ ബാറ്റ് വീശിയതോടെ പഞ്ചാബിന്റെ കൈയിൽ നിന്നു കളി പോയി.
55 പന്തിൽ 10 സിക്സും 14 ഫോറും സഹിതം അഭിഷേക് ശർമ 141 റൺസ് അടിച്ചു കൂട്ടിയപ്പോൾ മറുഭാഗത്ത് കട്ട സപ്പോർട്ടുമായി ട്രാവിസ് ഹെഡും നിന്നു. താരം 37 പന്തിൽ 9 ഫോറും 3 സിക്സും സഹിതം 66 റൺസ് വാരി. ഇരുവരും ചേർന്നു 74 പന്തിൽ ബോർഡിൽ ചേർത്തത് 171 റൺസ്. 18.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഹൈദരാബാദ് 247 റൺസടിച്ചാണ് ഗംഭീര തിരിച്ചു വരവ് നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക