

ലാഹോർ: കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ വേദന പങ്കിട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹാഫിസ്. മറ്റൊരു താരം ഡാനിഷ് കനേരിയ വിഷയത്തിൽ പാക് സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചതും ശ്രദ്ധേയം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്കു നീങ്ങുന്നതിനിടെയാണ് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുമായി താരങ്ങളെത്തിയത്.
'ദുഃഖം, ഹൃദയം തകർന്നു'- പഹൽഗാം ഭീകരാക്രമണമെന്ന ഹാഷ്ടാഗിനൊപ്പമാണ് ഹാഫിസ് കുറിപ്പ് പങ്കിട്ടത്.
ഡാനിഷ് കനേരിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ കുറ്റപ്പെടുത്തിയാണ് പോസ്റ്റിട്ടത്. പാകിസ്ഥാനു പങ്കില്ലെങ്കിൽ അതിനെ അപലപിക്കാത്തത് എന്താണെന്ന ചോദ്യമാണ് താരം ഉയർത്തിയത്.
'പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനു പങ്കെല്ലെങ്കിൽ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്തുകൊണ്ടാണ് അതിനെ അപലപിക്കാത്തത്. എന്തുകൊണ്ടാണ് പാക് സൈന്യം ഇത്ര വേഗത്തിൽ വൻ ജാഗ്രതയിലേക്ക് നീങ്ങിയത്. എന്താണ് സംഭവിക്കുന്നത് എന്നത് താങ്കൾക്കും അറിയാമായിരുന്നു. ഭീകരവാദികളെ വളർത്തുന്നതും താവളമൊരുക്കുന്നതും നിങ്ങളാണ്. നിങ്ങളെ ആലോചിച്ച് നാണക്കേട് തോന്നുന്നു'- കനേരിയ വിമർശിച്ചു.
ആക്രമണത്തിൽ പാക് പങ്ക് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാകുന്ന സാഹചര്യത്തിൽ നിക്ഷപക്ഷ വേദികളിൽ പോലും ഇനി ഇന്ത്യ- പാക് ക്രിക്കറ്റ് വേണ്ടതില്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനുമായി ഭാവിയിലും പരമ്പര കളിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നതില്ലെന്നു ബിസിസിഐ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇപ്പോൾ ഇന്ത്യ- പാക് പോരാട്ടമുള്ളത്. സംഭവിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചു ഐസിസിക്കും വ്യക്തതുണ്ട്. ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അധികൃതർ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
