
ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനല്‍ ഇന്ന്. തുടരെ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ കൗമാരക്കാരികള്‍ കളത്തിലിറങ്ങും. എതിരാളികള്‍ ദക്ഷിണാഫ്രിക്ക. ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഒരു കളിയും തോല്‍ക്കാതെയാണ് ഫൈനലിലേക്ക് കുതിച്ചെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മുതലാണ് കലാശപ്പോരാട്ടം.
കഴിഞ്ഞ തവണയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കന്നി ലോക കിരീടം ഇന്ത്യയാണ് സ്വന്തമാക്കിയത്. ചാംപ്യന്‍പട്ടം നിലനിര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക കന്നി ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനേയും ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയേയും വീഴ്ത്തിയാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇറങ്ങുന്നത്.
ബാറ്റിങിലും ബൗളിങിലും ശ്രദ്ധേയ പ്രകടനങ്ങള്‍ ഇത്തവണ ഇന്ത്യ പുറത്തെടുത്തു. ടൂര്‍ണമെന്റിലെ ആദ്യ സെഞ്ച്വറി ഇന്ത്യയുടെ ഗോംഗഡി തൃഷ സ്വന്തമാക്കിയിരുന്നു. താരം മിന്നും ഫോമിലാണ്. സഹ ഓപ്പണര്‍ ജി കമാലിനിയും തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തി. ക്വാര്‍ട്ടറിലും സെമിയിലും താരം തുടരെ അര്‍ധ സെഞ്ച്വറികള്‍ നേടി.
ഹാട്രിക്ക് വിക്കറ്റുകളടക്കം മിന്നും പ്രകടനങ്ങളുമായി കളം വാണ വൈഷ്ണവി ശര്‍മയുടെ മികവും ഇന്ത്യയുടെ ഫൈനല്‍ പ്രവേശം വരെ നിര്‍ണായകമായി. സെമിയില്‍ പരുണിക സിസോദിയയും ബൗളിങില്‍ തിളങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക