

നാഗ്പുര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്ന ബാറ്റിങായിരുന്നു ശ്രേയസ് അയ്യരുടേത്. 30 പന്തില്‍ 50 റണ്‍സടിച്ച് താരം നടത്തിയ വെടിക്കെട്ട് കളിയുടെ ഗതി തിരിക്കുന്നതായിരുന്നു. ഇടവേളയ്ക്ക് ശേഷം ടീമിലേക്കുള്ള മടങ്ങി വരവ് താരം ശരിക്കും ആഘോഷമാക്കി. തലേദിവസം രാത്രിയാണ് താന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ട കാര്യം അറിഞ്ഞതെന്നും ആ സമയത്ത് താന്‍ തിയേറ്ററിലിരുന്നു സിനിമ കാണുകയായിരുന്നുവെന്നും ശ്രേയസ് അയ്യര്‍ പറയുന്നു.
സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് കാല്‍മുട്ടിനു പരിക്കേറ്റതോടെയാണ് ശ്രേയസിനു അപ്രതീക്ഷിത വിളിയെത്തിയത്. കോഹ്‌ലി കളിക്കില്ലെന്നു ഉറപ്പായതോടെ യശസ്വി ജയ്‌സ്വാളിനായിരിക്കും അവസരം എന്നതും ഏതാണ്ട് തനിക്കറിയമായിരുന്നു. യശസ്വി അരങ്ങേറുന്നതിനൊപ്പം തന്റെ ടീമിലേക്കുള്ള മടങ്ങി വരവും നടക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അതിനാലാണ് സിനിമ കാണാന്‍ തീരുമാനിച്ചതെന്നും ശ്രേയസ്.
തിയേറ്ററില്‍ ഇരുന്നു സിനിമ കാണുമ്പോഴാണ് ക്യാപ്റ്റന്റെ വിളി വന്നത്. സിനിമ പാതി വഴിയില്‍ നിര്‍ത്തി താന്‍ അപ്പോള്‍ തന്നെ ഉറങ്ങാന്‍ പോയെന്നും ശ്രേയസ് വ്യക്തമാക്കി.
'ഞാന്‍ കഴിഞ്ഞ ദിവസം രാത്രി സിനിമ കാണുകയായിരുന്നു. രാത്രി അല്‍പ്പം താമസിച്ചു കിടക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ക്യാപ്റ്റന്റെ കോള്‍ വന്നതോടെ സംഭവമെല്ലാം മാറി. വിരാടിന്റെ കാല്‍മുട്ടിനു പരിക്കേറ്റുവെന്നും അതിനാല്‍ നിങ്ങള്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഞാന്‍ അപ്പോള്‍ തന്നെ സിനിമ പാതി വഴിയില്‍ നിര്‍ത്തി എന്റെ മുറിയിലേക്ക് ഉറങ്ങാനായി പോയി'- ശ്രേയസ് പറഞ്ഞു.
19 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും യശസ്വി ജയ്‌സ്വാളിനേയും ഇന്ത്യക്ക് നഷ്ടമായ ഘട്ടത്തിലാണ് ശ്രേയസ് ക്രീസിലെത്തിയത്. അതുവരെ ഇംഗ്ലണ്ടിന്റെ കൈയിലുണ്ടായിരുന്ന മത്സരം അതിവേഗ സ്‌കോറിങിലൂടെ ശ്രേയസ് അട്ടിമറിച്ചു. താരം വെറും 30 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ചാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. 36 പന്തില്‍ 59 റണ്‍സുമായി ശ്രേയസ് പുറത്തായെങ്കിലും താരമിട്ട അടിത്തറയില്‍ നിന്നാണ് ശുഭ്മാന്‍ ഗില്ലും അക്ഷര്‍ പട്ടേലും ചേര്‍ന്നു ടീമിനെ മുന്നോട്ടു നയിച്ചത്.
സമീപ കാലത്ത് ടീമില്‍ ഇടം ലഭിച്ചില്ലെങ്കിലും ഏകദിന ടീമിലെ നാലാം നമ്പറില്‍ കുറച്ചുകാലമായി ശ്രേയസ് കളിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെ താരം 70 പന്തില്‍ 105 റണ്‍സ് നേടിയിരുന്നു. മധ്യനിരയില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരവും ശ്രേയസ് ആണ്. 113.24 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. അതേസമയം രണ്ടാം ഏകദിനത്തില്‍ കോഹ്‌ലി തിരിച്ചെത്തുമ്പോള്‍ ടീമില്‍ ആരുടെ സ്ഥാനമാണ് ഇളകുക എന്നു കണ്ടറിയണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates