

നേടുന്ന റൺസോ, വിക്കറ്റുകളോ ഒന്നുമല്ല ക്രിക്കറ്റിൻ്റെ യഥാർത്ഥ സ്പിരിറ്റ്. വിജയ പരാജയങ്ങളേക്കാൾ ക്രിക്കറ്റ് പോരാട്ടത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കളിക്കാൻ കഴിയുന്നതാണു മഹത്വം. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസം നടന്ന അണ്ടർ 14 വിഭാഗത്തിലെ കേരള - തമിഴ്നാട് പോരാട്ടം.
തകർച്ചയിൽ നിന്ന് തിരിച്ചു വന്ന് സീനിയർ താരങ്ങൾ രഞ്ജി ട്രോഫിയിൽ സ്വന്തമാക്കിയ നേട്ടം പിന്മുറക്കാർക്കും ആവേശമായി മാറുന്നതാണ് കണ്ടത്. സമാന രീതിയിൽ കേരളത്തിന്റെ കൗമാരപ്പട തമിഴ്നാടിനെതിരെ സമനില പൊരുതി നേടി. മത്സരത്തിൽ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തത് തന്മയ് കുമാറാണ്. കേരളത്തിനായി അവസാനം വരെ നിന്നു പൊരുതിയ ഏക താരവും തന്മയ് മാത്രമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് താരം പ്രതിരോധിച്ചത് 217 പന്തുകൾ. 14 ഫോറുകൾ സഹിതം താരം എടുത്തത് 78 റൺസ്. തന്മയ് പുറത്തായതിനു പിന്നാലെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
തമിഴ്നാട് താരമായ കൗശിക് ആണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മികച്ച പ്രകടനവുമായി ടീമിന് സമനില സമ്മാനിച്ച തന്മയിന് പ്രത്യേക പുരസ്കാരം സമ്മാനിച്ച് തമിഴ്നാട് ടീം സ്പോർട്സ് മാൻ സ്പിരിറ്റിൻ്റെ തിളങ്ങുന്ന ഉദാഹരണമായി. ബാറ്റിങ് മികവിനപ്പുറം തോൽവിക്ക് മുന്നിൽ നിന്ന് പൊരുതിക്കയറാനുള്ള തന്മയിൻ്റെ നിശ്ചയദാർഢ്യവും പ്രതിബദ്ധതയുമാണ് തമിഴ്നാട് ടീമിൻ്റെ സ്നേഹാദരങ്ങൾക്ക് കാരണമായത്.
മിറ്റോമയുടെ സോളോ ഗോള്‍; 6 ദിവസത്തിനിടെ ബ്രൈറ്റനു മുന്നില്‍ 2 തവണ വീണ് ചെല്‍സി (വിഡിയോ)
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിങ്സിൽ വെറും 104 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട് 313 റൺസെടുത്തു. സെഞ്ച്വറി നേടിയ വിഎസ് കൗശിക്ക് ആണ് തമിഴ്നാടിൻ്റെ ടോപ് സ്കോറർ. 209 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ടു. മുൻനിര ബാറ്റർമാർ ചെറിയ സ്കോറുകൾക്ക് പുറത്തായപ്പോൾ പൊരുതി നിന്നത് ആറാമനായി ഇറങ്ങിയ തന്മയ് മാത്രം. വാലറ്റക്കാർക്കൊപ്പം ചേർന്ന് തന്മയ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് മത്സരം സമനിലയിലാക്കാൻ കേരളത്തെ സഹായിച്ചത്.
കളി അവസാനിക്കുമ്പോൾ 9 വിക്കറ്റിന് 202 റൺസെന്ന നിലയിലായിരുന്നു കേരളം. 78 റൺസെടുത്ത തന്മയ് പുറത്തായതിന് തൊട്ടു പിന്നാലെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates