'പാകിസ്ഥാൻ ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ വിയർക്കും'- വലിയ ഹൈപ്പൊന്നും വേണ്ടെന്ന് ഹർഭജൻ

ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- പാക് പോരാട്ടം ഈ മാസം 23ന്
Harbhajan Singh calls India vs Pakistan
ഇന്ത്യ- പാക് പോരാട്ടം എക്സ്
Updated on
2 min read

ന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടം എക്കാലവും ആവേശം നിറയ്ക്കുന്നതാണ്. ഐസിസി പോരാട്ടങ്ങളില്‍ പാകിസ്ഥാനു മേല്‍ ശക്തമായ ആധിപത്യവും ഇന്ത്യക്കുണ്ട്. ഈ മാസം 19മുതല്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- പാക് മത്സരത്തെ കുറിച്ച് ശ്രദ്ധേയ നിരീക്ഷണം പങ്കിടുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്. 23ന് ദുബായിലാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍.

മത്സരം തികച്ചും ഏകപക്ഷീയമായി മാറുമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. അമിതമായി പ്രചാരണം ചെയ്യാന്‍ മാത്രം ആവേശമൊന്നും ഈ മത്സരത്തിനുണ്ടാകില്ലെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ഹര്‍ഭജന്‍ വ്യക്തമാക്കി. ഇന്ത്യ കരുത്തുറ്റ ടീമാണെന്നും എന്നാല്‍ പാകിസ്ഥാന്‍ നിലവില്‍ വളരെ മോശം ഫോമിലാണ് കളിക്കുന്നതെന്നും കണക്കുകള്‍ നിരത്തി ഭാജി സമര്‍ഥിക്കുന്നു. ഒട്ടും സ്ഥിരതയില്ലാത്ത അവര്‍ ഇന്ത്യക്കു മുന്നില്‍ വിയര്‍ക്കുമെന്നും ഹര്‍ഭജന്‍. ഇന്ത്യന്‍ ബാറ്റിങ്, ബൗളിങ് നിരകളെ വിലയിരുത്തിയാല്‍ തന്നെ ചിത്രം വ്യക്തമാകുമെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍കാല പ്രകടനങ്ങള്‍ ഭാവി മത്സരത്തിന്റെ ഫലത്തില്‍ നിര്‍ണായകമല്ലെന്നത് സമ്മതിച്ചു തന്നെയാണ് ഹര്‍ഭജന്റെ വിലയിരുത്തല്‍.

'എന്റെ നോട്ടത്തില്‍ രണ്ട് ടീമുകളും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ഇന്ത്യ വളരെ ശക്തമായ ടീമാണ്. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ ഇല്ലെങ്കില്‍ പാകിസ്ഥാന്‍ അമ്പേ ദുര്‍ബല സംഘമായി മാറും. ഈ രണ്ട് താരങ്ങളെ കുറിച്ചേ ഇപ്പോള്‍ നമുക്ക് സംസാരിക്കാന്‍ സാധിക്കുന്നുള്ളു. മറ്റൊരു ബാറ്റ്‌സമാനേയും പറയാനില്ല. ബൗളിങ് നിര ഒട്ടും ഫോമിലല്ല.'

'ഇന്ത്യക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള ഏക ബാറ്റര്‍ ഞാന്‍ നോക്കുമ്പോള്‍ ഫഖര്‍ സമാന്‍ മാത്രമാണ്. നിലവില്‍ ഫഖര്‍ സമാന് മാത്രമാണ് മികച്ച ശരാശരിയുള്ളു. 46 ആണ് താരത്തിന്റെ ആവറേജ്. ഇന്ത്യക്കെതിരെ ബാബര്‍ അസമിന്റെ ശരാശരി 31ആണ്. മുഹമ്മദ് റിസ്വാന് 25ഉം ആണ്. അതിനപ്പുറം ആത്മവിശ്വാസം നല്‍കാന്‍ പ്രാപ്തിയുള്ള ഒന്നും ബാറ്റിങ് നിരയ്ക്ക് പറയാനില്ല. ഈ ടീമിന് ഇന്ത്യക്കെതിരെ പൊരുതാനുള്ള കെല്‍പ്പില്ല എന്നു തന്നെയാണ് എന്റെ നിഗമനം.'

'ഇന്ത്യ വളരെ ശക്തമായ നിലയിലാണ്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ അടക്കമുള്ളവര്‍ ഫോമില്‍ നില്‍ക്കുന്നു. വിരാട് കോഹ്‌ലി അര്‍ധ ശതകം നേടി ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. നാം സ്ഥിരമായി കാണുന്ന മികവില്‍ അല്ല കോഹ്‌ലി ഉള്ളത്. സമ്മതിക്കുന്നു. എന്നാല്‍ വലിയ ടൂര്‍ണമെന്റില്‍ അദ്ദേഹം കത്തുന്ന ഫോം പ്രകടിപ്പിക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇത്തവണയും ആ മികവ് ആവര്‍ത്തിക്കുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.'

'ഇനി നമ്മുടെ ബൗളിങ് നോക്കു. അവരും ഫോമിലാണ്. ഇംഗ്ലണ്ടിനെ ഹോം സീരീസില്‍ നാം പരാജയപ്പെടുത്തി. എന്നാല്‍ പാകിസ്ഥാന്‍ സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനോടു തോറ്റു. ചാംപ്യന്‍സ് ട്രോഫിയിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത്. ഇത്തവണയും കിവികള്‍ ജയിക്കും.'

'ഓസ്‌ട്രേലിയയില്‍ പാകിസ്ഥാന്‍ ഏകദിന പരമ്പര സമീപ കാലത്തു നേടിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ താഴേക്ക് പോയി. റിസ്വാന്റെ ക്യാപ്റ്റന്‍സി നല്ലതാണ്. മികച്ച രീതിയില്‍ അദ്ദേഹം ടീമിനെ നയിക്കുന്നു. റിസ്വാനം ആഘ സല്‍മാനും സമീപ കാലത്ത് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. എന്നാല്‍ അത് ആത്മവിശ്വാസം നല്‍കാന്‍ മാത്രം കരുത്ത് ആ പ്രകടനങ്ങള്‍ക്കില്ല. ബാബറാകട്ടെ റണ്‍സും നേടുന്നില്ല'- ഹര്‍ഭജന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com