കിരീടം നേടട്ടെ!- 'കേരള ക്രിക്കറ്റ്', രഞ്ജിയിലെ അത്ഭുത കുതിപ്പിന്റെ പേര് കൂടിയാകുന്നു...

സമ്മർദ്ദത്തെ സമർഥമായി അതിജീവിച്ച് പൊരുതി കയറി
Ranji Trophy
രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറിയ കേരള ടീം
Updated on
1 min read

അഹമ്മദാബാദ്: കേരള ക്രിക്കറ്റിന്റെ നീണ്ട കാലത്തെ കാത്തിരിപ്പിനാണ് ക്യാപ്റ്റൻ സച്ചിൻ ബേബി കൈപ്പിടിയിൽ ഒതുക്കിയ ആ ക്യാച്ച് അവസാനം കുറിച്ചത്. കരുത്തരായ ​ഗുജറാത്തിനെ സമനിലയിൽ കുരുക്കി നാടകീയ ലീഡുമായി കേരളം ഒടുവിൽ രഞ്ജി ട്രോഫി ഫൈനൽ ഉറപ്പിച്ചു.

ആദിത്യ സാർവതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാൻ നാഗ്‌വസ്വല്ല അടിച്ച പന്ത് ഫീൽഡർ സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയർന്നു പൊങ്ങി. സ്ലിപ്പിൽ ഫീൽഡ് ചെയ്ത ക്യാപ്റ്റൻ സച്ചിൻ ബേബി ആ പന്ത് ക്യാച്ചെടുക്കുകയായിരുന്നു. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റൺസ് ലീഡ് സ്വന്തമായി. ഒന്നാം ഇന്നിങ്സ് ലീഡ് ബലത്തിൽ കേരളം കലാശപ്പോരിലേക്ക്.

ക്വാർട്ടറിൽ 1 റൺസ് ലീഡിലാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ 2 റൺസ് ലീഡിൽ ഫൈനലും.

രഞ്ജിയിൽ പുതു ചരിത്രമാണ് സച്ചിനും സംഘവും കുറിച്ചത്. കരുത്തരെ ഞെട്ടിച്ചുള്ള കേരളത്തിൻ്റെ മുന്നേറ്റം രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതക്കുതിപ്പുകളിൽ ഒന്നായി മാറുകയായിരുന്നു. സഞ്ജുവിനപ്പുറം കേരളത്തിൻ്റെ പേര് വീണ്ടും ഉയർന്ന് കേൾക്കുകയാണ് ദേശീയ ക്രിക്കറ്റിൽ. സീസൺ തുടക്കം മുതൽ ആത്മവിശ്വാസത്തോടെ കളിച്ചു മുന്നേറിയ ടീമാണ് ഇത്തവണത്തേത്. നിർണായക ഘട്ടങ്ങളിൽ അർഹിച്ച ഭാഗ്യവും അവർക്കൊപ്പം നിന്നപ്പോൾ രഞ്ജിയിൽ പുതു ചരിതമാണ് കേരളം എഴുതിയത്.

ക്വാർട്ടറിലും സെമിയിലും കേരളം അതി സമ്മർദ്ദങ്ങളിൽ നിന്ന് പൊരുതിക്കയറുകയായിരുന്നു. സീസണിലുടനീളം ബാറ്റിങ് നിരയുടെ കരുത്തായി നിന്നത് സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും, ബൊളിങ് നിരയിൽ നിധീഷും ഓൾ റൗണ്ട് സാന്നിധ്യങ്ങളായ ജലജ് സക്സേനയും ആദിത്യ സാർവതെയുമെല്ലാം ഈ നേട്ടത്തിൽ മുഖ്യ പങ്കു വഹിച്ചവരാണ്. ഇവർക്കൊപ്പം എടുത്ത് പറയേണ്ട മറ്റൊരു പേര് ടീമിനെ പോസിറ്റീവ് ഗെയിമിൻ്റെ വഴിയിലൂടെ നയിച്ച കോച്ച് അമയ് ഖുറാസിയയുടേതാണ്. ഖുറാസിയ ടീമിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് അഭിമുഖങ്ങളിൽ സൽമാനും അസഹ്റുദ്ദീനും പ്രത്യേകം പരാമർശിച്ചിരുന്നു.

1994- 95ലായിരുന്നു കേരളം ആദ്യമായി നോക്കൗട്ടിലേക്ക് മുന്നേറുന്നത്. കെഎൻ അനന്തപത്മനാഭൻ്റെ നേതൃത്വത്തിലുള്ള ടീം കരുത്തരായ തമിഴ്നാടിനെ വരെ തോല്പിച്ചായിരുന്നു നോക്കൗട്ടിലെത്തിയത്. എന്നാൽ പ്രീ ക്വാർട്ടറിൽ ഉത്തർപ്രദേശിനോട് ലീഡ് വഴങ്ങി ടൂർണമെൻ്റിൽ നിന്ന് പുറത്തായി.

പിന്നീട് കേരളം ക്വാർട്ടർ കളിക്കുന്നത് 2017-18ൽ വിർഭയോടാണ്. അന്ന് ക്വാർട്ടറിൽ പുറത്തായെങ്കിലും അടുത്ത വർഷം ഗുജറാത്തിനെ തോൽപ്പിച്ച് സെമി വരെ മുന്നേറി. പക്ഷെ വിദർഭയോട് ഇന്നിങ്സ് തോൽവി വഴങ്ങി പുറത്തേക്ക്. തുടർന്ന് നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കേരളം ഇത്തവണ നോക്കൗട്ട് കളിച്ചത്.

മുൻ സീസണുകളെ അപേക്ഷിച്ച് കുറേക്കൂടി സന്തുലിതമാണ് ഇത്തവണത്തെ ടീം. കരുത്തുറ്റ മധ്യനിരയും ആഴത്തിലുള്ള ബാറ്റിങ്ങും ജലജ് സക്സേനയും ആദിത്യ സാർവതെയും അടങ്ങുന്ന മറുനാടൻ താരങ്ങളുടെ പരിചയ സമ്പത്തുമെല്ലാമാണ് ഇത്തവണത്തെ ടീമിൻ്റെ മികവ്. ആത്മവിശ്വാസം വിടാതെ അവസരത്തിനൊത്ത് ഉയരാനായാൽ ഫൈനലിൽ വിദർഭയെ മറികടന്ന് കിരീടവും ഉറപ്പിക്കാം... കാത്തിരിക്കാം ആ ചരിത്ര നിമിഷത്തിനായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com