

കറാച്ചി: ചാംപ്യന്‍സ് ട്രോഫിയിലെ നാണംകെട്ട തുടര്‍ തോല്‍വിയും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിനും പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ മുന്‍താരങ്ങളുടെ കടന്നാക്രമണങ്ങള്‍ തുടരുന്നു. നിലവിലെ ടീമിനെതിരെ ഇന്ത്യ ബി ടീമിനെ അയച്ചാല്‍ പോലും അനായാസം ജയിച്ചു കയറാമെന്നു ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍.
'ഇന്ത്യയില്‍ നിന്നു ഒരു ബി ടീമിനെ അയച്ചാല്‍ പോലും പാകിസ്ഥാന് തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സി ടീമിനെ ഒരുപക്ഷേ അവര്‍ കീഴടക്കിയേക്കും. അക്കാര്യത്തില്‍ എനിക്ക് ഉറപ്പില്ല.'
'സ്വാഭാവിക മികവുള്ള നിരവധി താരങ്ങള്‍ എല്ലാ കാലത്തും പാക് ടീമില്‍ സുലഭമായിരുന്നു. എന്നാല്‍ നിലവിലെ ടീമിന്റെ അവസ്ഥ ആശ്ചര്യപ്പെടുത്തുന്നതാണ്.'
'മുൻ കാലങ്ങളിലെ പാക് ടീമിൽ സാങ്കേതിക തികവുള്ളവര്‍ ഒരുപക്ഷേ വിരളമായിരിക്കാം. എന്നാല്‍ ബാറ്റിനേയും പന്തിനേയും കുറിച്ച് സഹജമായ ധാരണ മിക്ക താരങ്ങള്‍ക്കും ഈയടുത്തു വരെ ഉണ്ടായിരുന്നു.'
'ഉദാഹരണം ഇന്‍സമാം ഉള്‍ ഹഖ് തന്നെയാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് ഒരു യുവ താരത്തിനു സാങ്കേതികത പഠിക്കാന്‍ ഉപകാരപ്പെടുകയില്ല. എന്നാല്‍ അദ്ദേഹത്തിനു സ്വഭാവികമായ കളി പുറത്തെടുക്കാനുള്ള സിദ്ധിയുണ്ടായിരുന്നു. ആ മികവ് വച്ച് അദ്ദേഹം സാങ്കേതിക കുറവിനെ സമര്‍ഥമായി പരിഹരിച്ചു.'
'സൂപ്പര്‍ ലീഗും (പിഎസ്എല്‍) ആഭ്യന്തര വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളും പാകിസ്ഥാനിലുണ്ട്. പക്ഷേ ഗുണനിലവാരമുള്ള കളിക്കാരെ സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ പാടുപെടുകയാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ എത്രയധികം യുവ താരങ്ങളെ സൃഷ്ടിച്ചെടുത്തു. അതിനു കാരണം ഐപിഎല്ലാണ്. ഐപിഎല്‍ കളിക്കുന്ന താരങ്ങള്‍ രഞ്ജിയിലേക്ക് എത്തുന്നു. അതുവഴി ഇന്ത്യന്‍ ടീമിലേക്കും വരുന്നു.'
'ഈയൊരു മികവ് തങ്ങള്‍ക്ക് എന്തുകൊണ്ടു സാധിക്കുന്നില്ല എന്നത് പാകിസ്ഥാന്‍ ക്രിക്കറ്റ് വിശകലനം ചെയ്യേണ്ട കാര്യമാണ്. അവര്‍ക്ക് ഒരുകാലത്തുണ്ടായിരുന്ന ബഞ്ച് ശക്തി ഇപ്പോള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നു അവര്‍ കണ്ടെത്തേണ്ടതുണ്ട്'- ഗാവസ്‌കര്‍ വ്യക്തമാക്കി.
ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം എല്ലാ കാലത്തും ആവേശം നല്‍കുന്നതാണ്. എന്നാല്‍ ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ കണ്ടത് തീര്‍ത്തും ഏകപക്ഷീയ പോരാട്ടമായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് നായകനും ഇതിഹാസ ബാറ്ററുമായ മൈക്കല്‍ ആതര്‍ട്ടനും വ്യക്തമാക്കി. നിലവിലെ പാക് ടീം ഒട്ടും ഊര്‍ജസ്വലതയില്ലാത്ത സംഘമാണെന്നും ആതര്‍ട്ടന്‍ നിരീക്ഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates