Rohit Sharma never play
രോഹിത് ശര്‍മഎക്സ്

'ടീമിലേക്ക് പരിഗണിക്കേണ്ടതില്ല'- രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയറിന് വിരാമം?

അഞ്ചാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കേണ്ടന്ന് ക്യാപ്റ്റന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
Published on

സിഡ്‌നി: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു രോഹിത് ശര്‍മ പടിയിറങ്ങി എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിനും ഇതോടെ വിരാമമായെന്നും പുതിയ റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് പോരാട്ടം ഫലത്തില്‍ രോഹിത് ശര്‍മയുടെ കരിയറിലെ ഇന്ത്യക്കായുള്ള അവസാന ടെസ്റ്റ് പോരാട്ടമായി മാറിയേക്കും.

ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് കളിക്കുന്നില്ല. നാളെ മുതല്‍ ഏഴ് വരെ നടന്ന അവസാന ടെസ്റ്റ് പോരില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. അതിനിടെയാണ് ക്യാപ്റ്റന്റെ പിന്‍മാറ്റം. ജസ്പ്രിത് ബുംറയാണ് ടീമിനെ നയിക്കുന്നത്.

തുടക്ക കാലത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കാത്ത താരമായിരുന്നു രോഹിത്. ഏറെ കാത്തിരുന്ന ശേഷമാണ് താരത്തിനു ടെസ്റ്റില്‍ കളിക്കാന്‍ അവസരം കിട്ടിയത്. 67 ടെസ്റ്റുകള്‍ ഇന്ത്യക്കായി രോഹിത് കളിച്ചു.

2007ല്‍ ഏകദിന, ടി20 അരങ്ങേറ്റം നടത്തിയ രോഹിതിന്റെ ടെസ്റ്റ് അരങ്ങേറ്റം 2013ലാണ് നടന്നത്. 67 ടെസ്റ്റില്‍ 116 ഇന്നിങ്‌സുകള്‍ കളിച്ചു. 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും നേടി. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 4301 റണ്‍സ് ടെസ്റ്റില്‍ അടിച്ചെടുത്തു.

സമീപ കാലത്ത് രോഹിതിന്റെ ടെസ്റ്റ് ഫോം പരമ ദയനീയമാണ്. ക്യാപ്റ്റനെന്ന ഒറ്റ ലേബലില്‍ താരം ടീമില്‍ തുടരുകയായിരുന്നു. ആത്മവിശ്വാസം ഒട്ടുമില്ലാതെയാണ് രോഹിത് കുറച്ചു കാലമായി ടെസ്റ്റില്‍ ബാറ്റ് വീശുന്നത്. ഓപ്പണിങിലും താഴേക്കിറങ്ങിയും താരം ബാറ്റ് വീശിയെങ്കിലും മികവിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് താരം അഞ്ചാം ടെസ്റ്റില്‍ നിന്നു സ്വയം പിന്‍മാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com