സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലുടനീളം ഇരു ടീമിലേയും താരങ്ങള്‍ തമ്മില്‍ ചൂടന്‍ പെരുമാറ്റങ്ങളുടെ നിമിഷങ്ങള്‍ കളത്തിലുടനീളമുണ്ടായിരുന്നു. അഞ്ചാം ടെസ്റ്റിലും മാറ്റമുണ്ടായില്ല. ഒന്നാം ദിനത്തില്‍ ഇന്ത്യയെ 185 റണ്‍സില്‍ പുറത്താക്കി ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചു.
ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും കൗമാരക്കാരന്‍ സാം കോണ്‍സ്റ്റാസുമാണ് ബാറ്റിങിനു ഇറങ്ങിയത്. അതിനിടെയാണ് നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പിന്നാലെ ഖവാജയുടെ വിക്കറ്റ് വീഴുകയും ആദ്യ ദിനത്തിലെ കളി അവസാനിക്കുകയും ചെയ്തു. കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സെന്ന നിലയിലാണ് ഓസീസ്.
മൂന്നാം ഓവര്‍ എറിയുന്നത് ക്യാപ്റ്റന്‍ ബുംറ. ബാറ്റ് ചെയ്യുന്നത് ഖവാജ. നോണ്‍ സ്‌ട്രൈക്കില്‍ കോണ്‍സ്റ്റാസ്. പന്തെറിയാനായി റണ്ണപ്പ് തുടങ്ങിയ ഉടന്‍ ഖവാജ താന്‍ തയ്യാറല്ലെന്നു സൂചിപ്പിച്ച് ക്രീസില്‍ നിന്നു മാറി. അതിനിടെ കോണ്‍സ്റ്റാസും ബുംറയോടു ബൗള്‍ ചെയ്യരുതെന്നു വിളിച്ചു പറഞ്ഞു.
എന്നാല്‍ കോണ്‍സ്റ്റാസിന്റെ എരിതീയില്‍ എണ്ണയൊഴിച്ച സമീപനം ബുംറയെ ചൊടിപ്പിച്ചു. ഇതോടെ ബുംറ കോണ്‍സ്റ്റാസിനോട്- 'എന്താ നിന്റെ പ്രശ്‌നം'- എന്നു വിളിച്ചു ചോദിച്ചു. ഇരുവരും നേര്‍ക്കുനേര്‍ വരുന്നതിനിടെ അംപയര്‍ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിച്ചു.
പിന്നീട് ബുംറ ആ ഓവറിലെ അവസാന പന്തെറിഞ്ഞു. പന്ത് ഖവാജയുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടി കെഎല്‍ രാഹുലിന്റെ കൈയില്‍ അവസാനിച്ചു. ഖവാജ ഔട്ട്.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനു പകരം, ബുംറ കോണ്‍സ്റ്റാസിനെ രൂക്ഷമായി നോക്കുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് സഹ താരങ്ങള്‍ക്കൊപ്പം ആഘോഷത്തിനു നിന്നത്. വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങളും വിക്കറ്റ് നേട്ടത്തിന്റെ ആഘോഷത്തിനിടെ കോണ്‍സ്റ്റാസിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
പിന്നാലെ ആദ്യ ദിനത്തിലെ കളിയും തീര്‍ന്നു. കളി അവസാനിക്കുമ്പോള്‍ കോണ്‍സ്റ്റാസ് 7 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക