സിഡ്‌നി: അഞ്ചാം ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ അതിവേഗ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 145 റണ്‍സ് രണ്ടാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 141 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (8), വാഷിംഗ്ടണ്‍ സുന്ദര്‍ (6) എന്നിവരാണ് ക്രീസില്‍.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 181 റണ്‍സില്‍ എറിഞ്ഞിട്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ 78 ന് നാല് എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ ഋഷഭ് അതിവേഗ അര്‍ധ സെഞ്ച്വറിയിലൂടെ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരടയറ്റി. 33 പന്തില്‍ 61 റണ്‍സെടുത്താണ് താരം മടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ പന്ത്, വെറും 29 പന്തില്‍ നിന്നാണ് അര്‍ധസെഞ്ച്വറി പിന്നിട്ടത്.
യശ്വസി ജയ്‌സ്വാള്‍(22), കെഎല്‍ രാഹുല്‍(13), ശുഭ്മാന്‍ ഗില്‍(13), വിരാട് കോഹ് ലി(6),നിതീഷ് കുമാര്‍ റെഡ്ഡി(4) എന്നിവരാണ് പുറത്തായവര്‍. നാല് വിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 181 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകളും നേടി.
അരങ്ങേറ്റ മത്സരം കളിക്കുന്ന ബ്യൂ വെബ്സ്റ്ററിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 57 റണ്‍സെടുത്ത് മുന്നേറ്റം നടത്തിയ വെബ്സ്റ്ററിന്റെ കുതിപ്പിന് പ്രസിദ്ധ് കൃഷ്ണയാണ് തടയിട്ടത്. തുടര്‍ന്ന് പാറ്റ് കമ്മിന്‍സിനേയും മിച്ചെല്‍ സ്റ്റാര്‍ക്കിനേയും നിതീഷ് കുമാര്‍ റെഡ്ഡി പുറത്താക്കി. സ്‌കോട്ട് ബോളണ്ടിന്റെ വിക്കറ്റ് സിറാജും വീഴ്ത്തി. ഏഴ് റണ്‍സുമായി നഥാന്‍ ലയോണ്‍ പുറത്താകാതെ നിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക