മുംബൈ: ബോര്‍ഡര്‍- ഗാവസ്‌കര്‍ പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര അടിയറ വയ്ക്കുമ്പോള്‍ ഉയരുന്നത് നിരവധി ചോദ്യങ്ങളാണ്. ബാറ്റിങില്‍ കരുത്താകുമെന്നു പ്രതീക്ഷിക്കപ്പെട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകനും സൂപ്പര്‍ താരവുമായി വിരാട് കോഹ്‌ലിയും അമ്പേ പരാജയമായി. ഇരുവരുടേയും ടെസ്റ്റ് ഭാവി ഏറെക്കുറെ ചോദ്യ ചിഹ്നത്തിലുമായി. എങ്കിലും ഇന്ത്യയുടെ ഭാവി ബാറ്റിങ് നിര സംബന്ധിച്ച് ബിസിസിഐയ്ക്ക് ആശങ്കകള്‍ ഇല്ല. അത്രയും മികവുറ്റ നിര പിന്നാലെ വരുന്നുണ്ട്.
എന്നാല്‍ ബൗളിങ്, പ്രത്യേകിച്ച് പേസ് വിഭാഗത്തില്‍ ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരുടെ പെരുമയ്ക്ക് യോജിച്ച ഒരു താരത്തെ കണ്ടെത്തുക എന്ന ഭഗീരഥ യജ്ഞം ബിസിസിഐയ്ക്ക് മുന്നിലുണ്ട്. അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് തന്നെ അതിനു ഉദാഹരണമാണ്. പരിക്കേറ്റ് ബുംറ പന്തെറിയാന്‍ ഇറങ്ങിയില്ല. ഫലം ഓസീസ് അനായാസം ഇന്ത്യന്‍ ബൗളിങിനെ നേരിട്ട് അതിവേഗം ജയം തൊട്ടു.
പരമ്പരയില്‍ പന്തെറിഞ്ഞ മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, മുകേഷ് കുമാര്‍ ഇവരെല്ലാം മികച്ച ബൗളര്‍മാര്‍ തന്നെയാണ്. എന്നാല്‍ കളിയില്‍ നിര്‍ണായക വഴിത്തിരിവുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ദീര്‍ഘ നാളായി ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന മുഹമ്മദ് സിറാജ് ഇതുവരെ ഒരു ഗെയിം ചേഞ്ചര്‍ ബൗളറായി മികവ് കാണിച്ചിട്ടില്ല. പ്രസിദ്ധാകട്ടെ വളരെയേറെ സ്ലോ ബോളുകള്‍ എറിയുകയും ചെയ്യുന്നു. ആകാശ് ദീപ്, മുകേഷ് കുമാര്‍ അടക്കമുള്ള ബൗളര്‍മാര്‍ക്ക് കാര്യമായ വെല്ലുവിളികളെ നേരിടേണ്ടിയും വന്നിട്ടില്ല.
ആഭ്യന്തര ക്രിക്കറ്റ് എടുത്താലും സ്ഥിതി മറ്റൊന്നല്ല. രഞ്ജിയില്‍ മികച്ച പേസറെ കണ്ടെത്താനുള്ള ഓപ്ഷനുകള്‍ ബിസിസിഐക്ക് അധികം കിട്ടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇടം കൈയന്‍ സീമര്‍മാരുടെ അഭാവമാണ് ശരിക്കമുള്ള പ്രശ്‌നം. അര്‍ഷ്ദീപ് സിങ് പരിമിത ഓവര്‍ ക്രിക്കറ്റില്‍ മിന്നും ബൗളറാണ്. എന്നാല്‍ ടെസ്റ്റില്‍ താരത്തിനു അവസരം ലഭിച്ചിട്ടില്ല. യാഷ് ദയാലും ഇടം കൈയന്‍ പേസറാണ്. എന്നാല്‍ അദ്ദേഹം സ്ഥിരത ഉറപ്പില്ലാത്ത താരമാണ്.
ബാറ്റിങില്‍ പക്ഷേ ഇന്ത്യക്ക് ഒട്ടും ആശങ്കയില്ല. രോഹിതും കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ ഇരുവരുടേയും സ്ഥാനം നികത്താന്‍ കെല്‍പ്പുള്ളവര്‍ ധാരാളമുണ്ട്. ബി സായ് സുദര്‍ശന്‍ ഇവരില്‍ മുന്നില്‍ നില്‍ക്കുന്നു. ഓസ്‌ട്രേലിയ എ ടീമിനെതിരെ ഇന്ത്യന്‍ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സായിക്ക് സാധിച്ചിരുന്നു. പരിക്കേറ്റ് നിലവില്‍ വിശ്രമത്തിലാണ് താരം.
അഭിമന്യു ഈശ്വരനാണ് ഓപ്പണറാകാന്‍ കെല്‍പ്പുള്ള മറ്റൊരു താരം. വിദേശ പിച്ചില്‍ പക്ഷേ താരം എത്രത്തോളം വിജയിക്കുമെന്ന ആശങ്കയുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലുണ്ടായിട്ടും താരത്തിനു അവസരം ലഭിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിച്ചിട്ടും പലപ്പോഴും അവസരം നിഷേധിക്കപ്പെട്ട സര്‍ഫറാസ് ഖാന്‍ ഒടുവില്‍ വിളിയെത്തിയപ്പോള്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവ് ആഘോഷിച്ചു. എന്നാല്‍ സമീപ കാലത്ത് തുടരെ ഒരേ രീതിയില്‍ പുറത്തായ സര്‍ഫറാസിന്റെ സമീപനം അദ്ദേഹത്തിന്റെ സാങ്കേതിക മികവ് ചോദ്യം ചെയ്യുന്നതായി മാറി.
പരിചയ സമ്പന്നാരായ ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, രജത് പടിദാര്‍ എന്നിവരാണ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റു താരങ്ങള്‍. ഇന്ത്യ എ ടീമിനായി കളിച്ച ഋതുരാജ് മികവ് കാണിച്ചില്ലെങ്കിലും ബാറ്ററെന്ന നിലയില്‍ താരത്തിനുള്ള മിടുക്കിനെ കുറച്ചു കാണാന്‍ സാധിക്കില്ല. അയ്യര്‍ ഷോര്‍ട്ട് ബോളില്‍ പുറത്താകുന്നതിന്റെ പ്രശ്‌നം പരിഹരിച്ച് ടീമിലെത്താനുള്ള ശ്രമത്തിലാണ്. പടിദാറിനും മികച്ച ഇന്നിങ്‌സ് കളിച്ച് കഴിവ് ബോധ്യപ്പെടുത്തേണ്ടതുണ്ട്.
സെലക്ടര്‍മാരെ സംബന്ധിച്ചു അടുത്ത ടെസ്റ്റ് പോരാട്ടത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കാന്‍ മുന്നില്‍ ധാരാളം സമയമുണ്ട്. അതിനിടെ രഞ്ജി പോരാട്ടങ്ങളും അരങ്ങേറുന്നുണ്ട്. ഇംഗ്ലണ്ടുമായി വരാനിരിക്കുന്ന ടെസ്റ്റ് പോരാട്ടത്തില്‍ അടിമുടി അഴിച്ചു പണിത ഒരു ഇന്ത്യന്‍ ടീമിനെ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക