മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ എല്‍ ക്ലാസിക്കോ. മയ്യോര്‍ക്കയെ 3-0ത്തിനു സെമിയില്‍ വീഴ്ത്തി റയല്‍ മാഡ്രിഡ് കലാശപ്പോരിനു എത്തുന്നതോടെയാണ് എല്‍ ക്ലാസിക്കോയ്ക്ക് വഴി തെളിഞ്ഞത്. കഴിഞ്ഞ ബാഴ്‌സലോണ അത്‌ലറ്റിക്ക് ബില്‍ബാവോയെ വീഴ്ത്തി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. ഈ മാസം 13നാണ് ഫൈനല്‍ പോരാട്ടം.
ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ എന്നിവരുടെ ഗോളുകളും മയ്യോര്‍ക്ക താരം മാര്‍ട്ടിന്‍ വാലിയന്റിന്റെ സെല്‍ഫ് ഗോളുമാണ് റയലിനു ജയമൊരുക്കിയത്. മത്സരത്തിലുടനീളം കടുത്ത ആക്രമണമാണ് റയല്‍ പുറത്തെടുത്തത്. 28 ഷോട്ടുകളാണ് അവര്‍ ലക്ഷ്യത്തിലേക്ക് തൊടുത്തത്. അതില്‍ 11 എണ്ണം ഓണ്‍ ടാര്‍ഗറ്റ്. മയ്യോര്‍ക്കയാകട്ടെ ഒറ്റ ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തതുമില്ല.
റയലിന്റെ മൂന്ന് ഗോളുകളും വന്നത് രണ്ടാം പകുതിയില്‍. അതില്‍ തന്നെ രണ്ട് ഗോളുകളും ഇഞ്ച്വറി സമയത്തുമായിരുന്നു.
63ാം മിനിറ്റിലാണ് മയ്യോര്‍ക്കയുടെ കടുത്ത പ്രതിരോധം പൊളിച്ച് റയല്‍ ലീഡെടുത്തത്. ബെല്ലിങ്ഹാമാണ് സ്‌കോറര്‍. പിന്നീട് ഇഞ്ച്വറി സമയത്ത് വാലിയന്റിന്റെ ഓണ്‍ ഗോളും പിന്നാലെ റോഡ്രിഗോയുടെ ഗോളും വലയില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക