ന്യൂഡല്‍ഹി:ഇന്ത്യയുടെ ചെസ് ചാംപ്യന്‍ ഡി ഗുകേഷിന് 2024 മികച്ച വര്‍ഷമായിരുന്നു. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയെന്ന നേട്ടത്തോടെയായിരുന്നു ഗുകേഷിന്റെ തുടക്കം. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനെന്ന നേട്ടത്തോടെയാണ് ഗുകേഷ് 2024ലെ നേട്ടങ്ങള്‍ അവസാനിപ്പിച്ചത്. 2024-ല്‍ ഗുകേഷ് നേടിയ ആകെ സമ്മാനത്തുക വെളിപ്പെടുത്തിയിരിക്കുകയാണ് ചെസ് ഡോട്ട്കോം.
കഴിഞ്ഞ വര്‍ഷം ഗുകേഷ് 15,77,842 യുഎസ് ഡോളര്‍ സമ്പാദിച്ചുവെച്ചാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 13.6 കോടി രൂപയ്ക്ക് തുല്യമാണ്. ഗുകേഷിന് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ പാരിതോഷികം കൂടാതെയുള്ള കണക്കാണിത്. ലോക ചാംപ്യന്‍ഷിപ്പ് നേടിയതിന് പിന്നാലെ ഗുകേഷിന് 5 കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ വിജയിച്ചതിന് ശേഷം ഗുകേഷിന്റെ സ്‌കൂളായ വെള്ളമാല്‍ വിദ്യാലയ താരത്തിന് മെഴ്സിഡസ്-ബെന്‍സ് ഇ ക്ലാസ് സമ്മാനമായി നല്‍കിയിരുന്നു. 2024-ല്‍ 8 പ്രധാന ഇവന്റുകളിലാണ് ഗുകേഷ് പങ്കെടുത്തത്. ചെസില്‍ ഗുകേഷിന് ശേഷം കൂടുതല്‍ സമ്പാദിച്ചത് ഡിങ് ലിറനാണ്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് താരം. 11,83,600 യുഎസ് ഡോളറാണ് താരം 2024ല്‍ സമ്പാദിച്ചത്.
ചെസ് ഡോട്ട്കോം റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ രണ്ട് കളിക്കാര്‍ മാത്രമാണ് ഒരു മില്യണ്‍ ഡോളറിലധികം സമ്പാദിച്ചത്, ആറ് കളിക്കാര്‍ 4,00,000 യുഎസ് ഡോളര്‍ സമ്പാദിച്ചു. യുഎസ് പ്രസിഡന്റ് പ്രതിവര്‍ഷം 4,00,000 യുഎസ് ഡോളറാണ് സമ്പാദിക്കുന്നത്. (ചെലവ് ഇനത്തില്‍ 50,000 യുഎസ് ഡോളര്‍, യാത്രകള്‍ക്കായി 1,00,000 യുഎസ് ഡോളര്‍, വിനോദത്തിനായി 19,000 യുഎസ് ഡോളറുമാണ് പ്രസിഡന്റിന് നല്‍കുന്നത്).
2024-ല്‍ ഗുകേഷ് ഉള്‍പ്പെടെ 17 കളിക്കാര്‍ 1,00,000 യുഎസ് ഡോളറില്‍ കൂടുതല്‍ നേടിയിട്ടുണ്ടെന്നും ചെസ് ഡോട്‌കോമിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുടെ കൊനേരു ഹംപി ഉള്‍പ്പെടെ രണ്ട് വനിതാ താരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.
2,02,136 യുഎസ് ഡോളര്‍ സമ്പാദിച്ച് ആര്‍ പ്രഗ്‌നാനന്ദ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും 1,19,767 യുഎസ് ഡോളര്‍ സമ്പാദിച്ച് അർജുൻ എറിഗൈസി 15-ാം സ്ഥാനത്തുമാണ്. 6,33,369 യുഎസ് ഡോളര്‍ സമ്പാദിച്ചുകൊണ്ട് മാഗ്‌നസ് കാള്‍സണ്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക