ചരിത്രമെഴുതി ടീം ടോട്ടൽ, കൂറ്റൻ ജയം; അയർലൻഡിനെതിരെ ഏകദിന പരമ്പര ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ

തുടരെ രണ്ടാം മത്സരവും ജയിച്ച് 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ത്തിന് മുന്നിൽ
series win for India
ഇന്ത്യൻ ടീംഎക്സ്
Updated on

രാജ്‌കോട്ട്: അയർലൻഡ് വനിതാ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് കൂറ്റൻ ജയം. തുടരെ രണ്ടാം പോരും ജയിച്ച് 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ ഉറപ്പിച്ചു. 116 റൺസ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെക്കോർഡ് ടോട്ടൽ പടുത്തുയർത്തി. നിശ്ചിത ഓവറിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 370 റൺസെടുത്തു. വനിതാ ഏകദിനത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടീം ടോട്ടലെന്ന റെക്കോർഡും ഈ പ്രകടനം സ്വന്തമാക്കി. മറുപടി പറഞ്ഞ അയർലൻഡിന്റെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തിൽ 254 റൺസിൽ അവസാനിച്ചു.

ഇന്ത്യയുടെ ടീം ടോട്ടൽ റെക്കോർഡ് നേരത്തെയും അയർലൻഡിനെതിരെ തന്നെയായിരുന്നു. 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ്.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിനു ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ നിലനിർത്താൻ പോലും കഴിഞ്ഞില്ല. ക്രിസ്റ്റിന കോൾട്ടർ റിയലിയാണ് പൊരുതി നിന്നത്. താരം 80 റൺസെടുത്തു. ഓപ്പണർ സാറ ഫോബ്‌സ് (38), ലോറ ഡെൽനി (37), ലി പോൾ (പുറത്താകാതെ 27) എന്നിവരും പിടിച്ചു നിന്നു. പക്ഷേ ടീമിനെ ജയത്തിലെത്തിക്കാൻ ഇവർക്കൊന്നും സാധിച്ചില്ല.

ഇന്ത്യക്കായി ദീപ്തി ശർമ 3 വിക്കറ്റുകൾ വീഴ്ത്തി. പ്രിയ മിശ്ര 2 വിക്കറ്റുകൾ സ്വന്തമാക്കി. ടിറ്റസ് സാധു, സയാലി സത്ഗരെ എന്നിവർ ഓരോ വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജെമിമ റോഡ്രിഗസിന്റെ കന്നി സെഞ്ച്വറിയുടേയും തുടരെ രണ്ടാം പോരാട്ടത്തിലും അർധ സെഞ്ച്വറി നേടിയ ഓപ്പണർ പ്രതിക റാവലിന്റെ മികവിന്റേയും ഒപ്പം സഹ ഓപ്പണർ സ്മൃതി മന്ധാന, ഹർലീൻ ഡിയോൾ എന്നിവരുടെ ഉജ്ജ്വല അർധ സെഞ്ച്വറി ഇന്നിങ്‌സുകളുടേയും ബലത്തിലാണ് റെക്കോർഡ് തിരുത്തിയ പ്രകടനം പുറത്തെടുത്തത്. കന്നി സെഞ്ച്വറിക്കൊപ്പം ഏകദിനത്തിൽ 1000 റൺസ് നേട്ടത്തിലും എത്തി ജെമിമ ഇരട്ടി മധുരം നുണഞ്ഞു.

91 പന്തുകൾ നേരിട്ട് 12 ഫോറുകളുടെ അകമ്പടിയിൽ ജെമിമ 102 റൺസ് കണ്ടെത്തി. അർഹിച്ച രണ്ടാം ഏകദിന സെഞ്ച്വറിക്ക് 11 റൺസ് അകലെയാണ് ഹർലീൻ വീണത്. താരവും 12 ഫോറുകൾ സഹിതം 84 പന്തിൽ 89 റൺസ് കണ്ടെത്തി.

ഓപ്പണിങിൽ ക്യാപ്റ്റൻ സ്മൃതി മന്ധാനയും പ്രതിക റാവലും 150നു മുകളിൽ റൺസ് ചേർത്താണ് പിരിഞ്ഞത്. മിന്നും തുടക്കം പിന്നീടു വന്ന താരങ്ങളും വിടാതെ കാത്തതോടെ ടീം കൂറ്റൻ സ്‌കോറിലേക്ക് കുതിച്ചു. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 156 റൺസ് ചേർത്താണ് പിരിഞ്ഞത്.

സ്മൃതി കത്തും ഫോമിലായിരുന്നു. 54 പന്തിൽ 10 ഫോറും 2 സിക്‌സും സഹിതം താരം 73 റൺസെടുത്തു. പ്രതിക 8 ഫോരും ഒരു സിക്‌സും സഹിതം 61 പന്തിൽ 67 റൺസുമെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com