
വഡോദര: വിജയ് ഹസാരെ ട്രോഫിയിൽ കത്തും ഫോം തുടർന്നു മലയാളി വേരുകളുള്ള മുൻ ഇന്ത്യൻ താരം കരുൺ നായർ. കഴിഞ്ഞ ആറ് ഇന്നിങ്സുകൾക്കിടെ അഞ്ചാം സെഞ്ച്വറി കുറിച്ച കരുണിന്റെ കരുത്തിൽ വിദർഭ സെമി ഫൈനലിലേക്ക് മുന്നേറി. രാജസ്ഥാനെ ക്വാർട്ടർ ഫൈനലിൽ വീഴ്ത്തിയാണ് വിദർഭയുടെ മുന്നേറ്റം.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി പറഞ്ഞ വിദർഭ 43.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 292 റൺസെടുത്താണ് വിജയം പിടിച്ചത്. 9 വിക്കറ്റിന്റെ വിജയത്തോടെയാണ് അവർ സെമി ഉറപ്പിച്ചത്.
കരുൺ നായർ പുറത്താകാതെ 82 പന്തിൽ 13 ഫോറും 5 സിക്‌സും സഹിതം 122 റൺസെടുത്തു. ഓപ്പണർ ധ്രുവ് ഷോറിയും സെഞ്ച്വറി നേടി. പുറത്താകാതെ 10 ഫോറും 3 സിക്‌സും സഹിതം ധ്രുവ് 118 റൺസ് കണ്ടെത്തി. യാഷ് റാത്തോഡും മികവ് പുലർത്തി. താരം 39 റൺസെടുത്തു.
വിജയ് ഹസാരെ ട്രോഫിയിൽ മാരക ഫോമിലാണ് കരുൺ ബാറ്റ് വീശുന്നത്. 6 ഇന്നിങ്സിൽ 5ാം സെഞ്ച്വറി. അഞ്ച് നോട്ടൗട്ടുകളും! ലിസ്റ്റ് എ ക്രിക്കറ്റിൽ താരം തുടരെ നേടുന്ന നാലാം സെഞ്ച്വറി കൂടിയാണിത്. ലിസ്റ്റ് എ ക്രിക്കറ്റിൽ താരം തുടരെ നേടുന്ന നാലാം സെഞ്ച്വറി കൂടിയാണ് ക്വാർട്ടറിൽ പിറന്നത്.
ജമ്മുവിനെതിരെ 112*, ഛത്തീസ്ഗഢിനെതിരെ 44*, ചണ്ഡീഗഢിനെതിരെ 163*, തമിഴ്നാടിനെതിരെ 111*, ഉത്തർപ്രദേശിനെതിരെ 112 എന്നിങ്ങനെയാണ് താരം മറ്റ് മത്സരങ്ങളിൽ അടിച്ചു കൂട്ടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക