88* റണ്‍സ്, 7 ഇന്നിങ്‌സില്‍ ആറാം നോട്ടൗട്ട്! സെമിയിലും കരുണ്‍ നായരുടെ കത്തും ബാറ്റിങ്
വഡോദര: കരുണ്‍ നായരുടെ മറ്റൊരു നോട്ടൗട്ട് അര്‍ധ സെഞ്ച്വറി കൂടി. കത്തും ഫോമില്‍ ബാറ്റു വീശുന്ന നായകന്റെ കരുത്തില്‍ വിദര്‍ഭ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിന്റെ സെമിയില്‍ മാഹാരാഷ്ട്രയ്ക്ക് മുന്നില്‍ 381 റണ്‍സ് വിജയ ലക്ഷ്യം വച്ചു. ഓപ്പണര്‍മാരായ ധ്രുവ് ഷോറി, യാഷ് റാത്തോഡ് എന്നിവരുടെ സെഞ്ച്വറിയും വിദര്‍ഭയുടെ കൂറ്റന്‍ സ്‌കോറിനു തുണയായി. ജിതേഷ് ശര്‍മയും അര്‍ധ സെഞ്ച്വറി നേടി ടീം സ്‌കോറിലേക്ക് വലിയ സംഭാവന നല്‍കി.
ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയ്ക്കായി ധ്രുവ് ഷോറി 114 റണ്‍സും യാഷ് റാത്തോഡ് 116 റണ്‍സും നേടി മിന്നും തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്നു ഒന്നാം ഇന്നിങ്‌സില്‍ 224 റണ്‍സ് ചേര്‍ത്തു. മൂന്നാമനായി ക്രീസിലെത്തിയ കരുണ്‍ നായര്‍ 44 പന്തില്‍ 9 ഫോറും 5 സിക്‌സും സഹിതം 88 റണ്‍സുമായി പുറത്താകാതെ നിന്നു. ജിതേഷ് 33 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 51 റണ്‍സും കണ്ടെത്തി.
വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് ഇന്നിങ്‌സിനിടെ കരുണിന്റെ ആറാം നോട്ടൗട്ട് പ്രകടനമാണിത്. അതിനിടെ അഞ്ച് സെഞ്ച്വറികളും താരം നേടിയിരുന്നു. ക്വാര്‍ട്ടറില്‍ കരുണ്‍ നായര്‍ പുറത്താകാതെ 82 പന്തില്‍ 13 ഫോറും 5 സിക്‌സും സഹിതം 122 റണ്‍സെടുത്തു. ജമ്മുവിനെതിരെ 112*, ഛത്തീസ്ഗഢിനെതിരെ 44*, ചണ്ഡീഗഢിനെതിരെ 163*, തമിഴ്നാടിനെതിരെ 111*, ഉത്തര്‍പ്രദേശിനെതിരെ 112 എന്നിങ്ങനെയാണ് താരം മറ്റ് മത്സരങ്ങളില്‍ അടിച്ചു കൂട്ടിയത്.
സെമിയില്‍ മഹാരാഷ്ട്രയുടെ രജ്‌നീഷ് കുര്‍ബാനി എറിഞ്ഞ അവസാന ഓവറില്‍ കരുണ്‍ 24 റണ്‍സാണ് അടിച്ചു കൂട്ടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് വിദര്‍ഭ നായകന്‍ അവസാന ഓവറില്‍ അടിച്ചെടുത്തത്. 34.4 ഓവറില്‍ സ്‌കോര്‍ 224 റണ്‍സില്‍ നില്‍ക്കെയാണ് കരുണ്‍ ക്രീസിലെത്തുന്നത്. പിന്നീട് സഹ താരങ്ങളെ കൂട്ടുപിടിച്ച് 92 പന്തില്‍ നായകന്‍ 156 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക