
തിരുവനന്തപുരം: കാരണം പറയാതെ ടീമിൽ നിന്നു വിട്ടുനിന്നതു കൊണ്ടാണ് സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ നിന്നു ഒഴിവാക്കിയതെന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്. ഇത്തരം കാര്യങ്ങളിൽ കർശന നടപടിയെടുക്കണം എന്നാണ് ബിസിസിഐ നിർദ്ദേശം. എന്നിട്ടും സഞ്ജുവിനെതിരെ നടപടി എടുത്തില്ലെന്നും ജയേഷ് ജോർജ് വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് ഇടം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഋഷഭ് പന്ത്, കെഎൽ രാഹുൽ എന്നിവരെ വിക്കറ്റ് കീപ്പർമാരാക്കിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജുവിനെ ഉൾപ്പെടുത്താഞ്ഞത് വലിയ പ്രതിഷേധങ്ങൾക്കു കാരണമായിരുന്നു. സഞ്ജുവിനു വിജയ് ഹസാരെ ട്രോഫി കളിക്കാനുള്ള അവസരം കെസിഎ തടഞ്ഞെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പിന്നാലെയാണ് ജയേഷ് ജോർജ് വിഷയത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയത്.
'സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. വിജയ് ഹസാരെ ചാംപ്യൻഷിപ്പിൽ കളിക്കാത്തതിനു സഞ്ജുവിനെതിരെ അച്ചടക്ക നടപടിയുണ്ടോയെന്നു സെലക്ഷൻ കമ്മിറ്റി യോഗത്തിനു മുൻപ് ബിസിസിഐ സിഇഒ ചോദിച്ചിരുന്നു. ഇല്ലെന്നു അറിയിക്കുകയും ചെയ്തു. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു എന്തുകൊണ്ടു കളിച്ചില്ലെന്നു ദേശീയ ടീം സെലക്ടറും തിരക്കിയിരുന്നു. സഞ്ജുവിനെതിരെ അച്ചടക്ക നടപടി എടുക്കാത്തത് ഭാവി ഓർത്തിട്ടാണ്'- ജയേഷ് ജോർജ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക