ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ലിവര്‍പൂളിനും ആഴ്‌സണലിനും ജയം. ബുണ്ടസ് ലീഗയില്‍ ബയേണിന്റെ മുന്നേറ്റം. ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനെ തകര്‍ത്ത് നാപ്പോളി.
റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ ആദ്യമായി വെട്ടിത്തിളങ്ങി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. താരത്തിന്റെ ആദ്യ ഹാട്രിക്ക് മികവില്‍ റയല്‍ എവേ പോരാട്ടത്തില്‍ വല്ലാഡോളിഡിനെ 0-3നു വീഴ്ത്തി. കളിയുടെ 30, 57, ഇഞ്ച്വറി സമയങ്ങളിലാണ് താരം മൂന്ന് ഗോളുകള്‍ വലയിലാക്കിയത്. മൂന്നാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നാണ് വന്നത്. ജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ 49 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായി 4 പോയിന്റിന്റെ മുന്‍തൂക്കം. അത്‌ലറ്റിക്കോ ഇന്നലെ വിയ്യാറയലുമായി 1-1നു സമനിലയില്‍ പിരിഞ്ഞു.
കളിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നെണ്ണം തിരിച്ചടിച്ചാണ് ചെല്‍സിയെ വീഴ്ത്തിയത്. 3-1നു എത്തിഹാദില്‍ അവര്‍ വിജയം പിടിച്ചു. നോനി മദുകെയുടെ ഗോളില്‍ മൂന്നാം മിനിറ്റില്‍ ചെല്‍സി മുന്നിലെത്തി. ആദ്യ പകുതി കഴിയാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഗ്വാര്‍ഡിയോള്‍ സിറ്റിക്ക് സമനില സമ്മാനിച്ചു. 68ാം മിനിറ്റില്‍ എര്‍ലിങ് ഹാളണ്ടും 87ാം മിനിറ്റില്‍ ഫില്‍ ഫോഡനും വല ചലിപ്പിച്ചു.
ലിവര്‍പൂള്‍ 4-1നു ഇപ്‌സ്‌വിച് ടൗണിനെ തകര്‍ത്തു. കോഡി ഗാക്‌പോ ഇരട്ട ഗോളുകള്‍ നേടി. മുഹമ്മദ് സല, സോബോസ്‌ലായ് എന്നിവരും വല ചലിപ്പിച്ചു. സൂപ്പര്‍ സബ് റിക്കാര്‍ഡോ കലഫിയോരിയുടെ ഒറ്റ ഗോളില്‍ ആഴ്‌സണല്‍ വൂള്‍വ്‌സിനെ വീഴ്ത്തി. രണ്ട് റെഡ് കാര്‍ഡുകള്‍ വന്ന പോരാട്ടമായിരുന്നു അരങ്ങേറിയത്. ആദ്യ പകുതിയില്‍ തന്നെ ആഴ്‌സണലിനു ലൂയീസ് സ്‌കെല്ലിയെ ചുവപ്പ് കാര്‍ഡ് കണ്ടു നഷ്ടമായി. 70ാം മിനിറ്റില്‍ വൂള്‍വ്‌സിനു ജോവോ ഗോമസിനേയും നഷ്ടമായി. 74ാം മിനിറ്റിലാണ് കലഫിയോരിയുടെ വിജയ ഗോള്‍.
സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന നോട്ടിങ്ഹാം ഫോറസ്റ്റിനെ ബേണ്‍മത്ത് തകര്‍ത്തു. മറുപടിയില്ലാത്ത 5 ഗോളുകള്‍ക്കാണ് ബേണ്‍മത്തിന്റെ ജയം. ബ്രൈറ്റനെ എവര്‍ട്ടന്‍ എവേ പോരാട്ടത്തില്‍ 0-1നു അട്ടിമറിച്ചതും ശ്രദ്ധേയം. ഡേവിഡ് മോയസിന്റെ രണ്ടാം വരവില്‍ കരുത്തു കൂട്ടുകയാണ് എവര്‍ട്ടന്‍.
ജര്‍മന്‍ ബുണ്ടസ് ലീഗ പോയിന്റ് പട്ടികയില്‍ 6 പോയിന്റിന്റെ വ്യക്തമായ ലീഡെടുത്ത് ബയേണ്‍ മ്യൂണിക്ക്. ഇന്നലെ എവേ പോരാട്ടത്തില്‍ ബയേണ്‍ ഫ്രീബര്‍ഗിനെ 1-2നു വീഴ്ത്തി. രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസനെ ആര്‍ബി ലെയ്പ്‌സിഗുമായി 2-2നു സമനിലയില്‍ പിരിഞ്ഞതോടെ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് അന്തരം 6 ആയി മാറി. ഇടവേളയ്ക്ക് ശേഷം ഹാരി കെയ്ന്‍ ബയേണിനായി ഓപ്പണ്‍ ഗോള്‍ നേടിയതും ശ്രദ്ധേയം. രണ്ടാം ഗോള്‍ കം മിന്‍ ജെ നേടി.
ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളി ഒന്നാം സ്ഥാനത്ത് തുടരുന്നു. സ്വന്തം തട്ടകത്തില്‍ അവര്‍ യുവന്റസിനെ 2-1നു പരാജയപ്പെടുത്തി. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ഒന്നാം സ്ഥാനത്തുണ്ടെങ്കിലും ഇന്റര്‍ മിലാന്‍ അവരേക്കാള്‍ 2 മത്സരം കുറച്ചു കളിച്ച് 47 പോയിന്റുമായി രണ്ടാമത് നില്‍ക്കുന്നു. രണ്ടും ജയിച്ചാല്‍ ഇന്റര്‍ വീണ്ടും തലപ്പത്തെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക