ആശാ ഭോസ്ലേയുടെ കൊച്ചുമകളും മുഹമ്മദ് സിറാജും അടുപ്പത്തിലോ?; പ്രതികരിച്ച് ക്രിക്കറ്റ് താരവും സനായും
ന്യൂഡല്‍ഹി: പ്രമുഖ ഗായിക ആശാ ഭോസ്ലേയുടെ കൊച്ചുമകള്‍ സനായ് ഭോസ്ലേയും ക്രിക്കറ്റ് താരം മുഹമ്മദ് സിറാജും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വലിയതോതിലുള്ള ചര്‍ച്ചയ്ക്ക് കാരണമായിരിക്കുകയാണ്. ഇരുവരും അടുപ്പത്തിലാണോ എന്ന തരത്തിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. മുഹമ്മദ് സിറാജിനൊപ്പമുള്ള ചിത്രം സനായ് ഭോസ്ലേ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. ആശാ ഭോസ്ലേയെ പോലെ സനായ് ഭോസ്ലേയും ഗായികയാണ്.
ഇവര്‍ പരസ്പരം ഡേറ്റിങ്ങിലാണോ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ ഇതുസംബന്ധിച്ച് പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് ഇരുവരും. സിറാജിനൊപ്പമുള്ള തന്റെ ഫോട്ടോ ഇന്‍സ്റ്റയില്‍ വീണ്ടും പങ്കിട്ട് കൊണ്ടായിരുന്നു സനായ് ഭോസ്ലേയുടെ മറുപടി. സിറാജിനെ സഹോദരന്‍ എന്ന് അഭിസംബോധന ചെയ്തായിരുന്നു സനായ് ഭോസ്ലേയുടെ പോസ്റ്റ്. 'എന്റെ പ്രിയപ്പെട്ട സഹോദരന്‍'- എന്നാണ് സനായ് ഭോസ്‌ലേ പോസ്റ്റില്‍ കുറിച്ചത്.
സനായ് ഭോസ്ലേയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസില്‍ റീ പോസ്റ്റ് ചെയ്താണ് മുഹമ്മദ് സിറാജിന്റെ പ്രതികരണം. സനായ് ഭോസ്‌ലേ തനിക്ക് സഹോദരിയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് മുഹമ്മദ് സിറാജിന്റെ പോസ്റ്റ്. 'എന്റെ സഹോദരിയെപ്പോലെ മറ്റാരുമില്ല. എനിക്ക് അവളില്ലാതെ എവിടെയും നില്‍ക്കാന്‍ ആഗ്രഹമില്ല, ചന്ദ്രനെ പോലെയും നക്ഷത്രങ്ങളെ പോലെയുമാണ് എന്റെ സഹോദരി.'- മുഹമ്മദ് സിറാജിന്റെ വാക്കുകള്‍. ചുവന്ന ഹാര്‍ട്ട് ഇമോജിയോടെ സനായ് ഇത് വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സനായിക്ക് 23 വയസ്സ് തികഞ്ഞത്. മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് സനായ് ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ നിരവധി ഫോട്ടോകള്‍ സനായ് ഭോസ് ലേ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. സിറാജിനെ കൂടാതെ നടന്‍ ജാക്കി ഷ്രോഫ് അടക്കം നിരവധി പ്രമുഖരും ക്രിക്കറ്റ് കളിക്കാരും അവിടെ ഉണ്ടായിരുന്നു. ഇതില്‍ സിറാജിനൊപ്പമുള്ള സനായിയുടെ ചിത്രമാണ് അഭ്യൂഹങ്ങള്‍ പരത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക