
കേപ്ടൗൺ: വിചിത്രമായ രീതിയിൽ ഇംഗ്ലണ്ട് താരത്തിന്റെ റണ്ണൗട്ട്. ഇംഗ്ലീഷ് താരം ആര്യൻ സാവന്താണ് ഹതഭാഗ്യൻ. ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക അണ്ടർ 19 അനൗദ്യോഗിക ടെസ്റ്റ് പോരാട്ടത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഔട്ടിന്റെ പിറവി.
ആര്യൻ സാവന്ത് അടിച്ച പന്ത് തൊട്ടടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ഫീൽഡറുടെ ഹെൽമെറ്റിൽ തട്ടി നേരെ കൊണ്ടത് വിക്കറ്റിൽ. ഈ സമയത്ത് ആര്യൻ ക്രീസിനു പുറത്തായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കൻ താരങ്ങൾ അപ്പീൽ ചെയ്തു. അംപയർ ഔട്ടും അനുവദിച്ചു.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് ബാറ്റിങിനിടെയാണ് വിചിത്ര റണ്ണൗട്ട്. ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലായിരുന്നു. ആര്യൻ 11 റൺസുമായി ക്രീസിൽ നിൽക്കുന്നു. ജേസൻ റൗൾസിന്റെ പന്തിൽ ആര്യൻ സ്വീപ് ചെയ്ത പന്ത് ഷോർട്ട് ലെഗിൽ നിന്ന ജോറിച് വാൻ ഷവിക്കിന്റെ ഹെൽമറ്റിൽ തട്ടിയാണ് സ്റ്റംപിൽ കൊണ്ടത്. ജോറിച് കടുത്ത വേദനയിൽ ഗ്രൗണ്ടിൽ കിടന്നുപോയി.
എന്നാൽ മറ്റ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ അപ്പീൽ ചെയ്തു. സ്വന്തം ഔട്ട് കണ്ട് ആര്യൻ സാവന്ത് വരെ തലയിൽ കൈവച്ചു പോയി. ഇതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 299 റൺസിൽ അവസാനിച്ചു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 319 റൺസെടുത്ത് 20 റൺസ് ലീഡ് സ്വന്തമാക്കി. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ദക്ഷിണാഫ്രിക്ക 317 റൺസാണ് ലക്ഷ്യത്തിലേക്ക് പിന്തുടർന്നത്. അവരുടെ പോരാട്ടം 9 വിക്കറ്റിന് 295 റൺസിലെത്തിയപ്പോൾ മത്സരം സമനിലയിൽ അവസാനിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക