
മുംബൈ: രഞ്ജി ട്രോഫിയില്‍ മിന്നും ഓള്‍ റൗണ്ട് മികവ് തുടര്‍ന്ന് ശാര്‍ദുല്‍ ഠാക്കൂര്‍. ജമ്മു കശ്മീരിനെതിരായ കഴിഞ്ഞ കളിയില്‍ വാലറ്റത്തിറങ്ങി സെഞ്ച്വറിയടിച്ചു തിളങ്ങിയ ശാര്‍ദുല്‍ മേഘാലയക്കെതിരെ ഇപ്പോള്‍ നടക്കുന്ന പോരാട്ടത്തില്‍ മികച്ച ബൗളിങുമായി കളം വാണു. ഹാട്രിക്കടക്കം ശാര്‍ദുല്‍ 4 വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മേഘാലയയുടെ പോരാട്ടം വെറും 86 റണ്‍സില്‍ അതിവേഗം അവസാനിച്ചു.
മൂന്നാം ഓവറിലെ 4, 5, 6 പന്തുകളിലാണ് ശാര്‍ദുല്‍ തുടരെ മേഘാലയ ബാറ്റര്‍മാരെ മടക്കിയത്. ബാലചന്ദര്‍ അനിരുദ്ധ്, സുമിത് കുമാര്‍, ജസ്‌കിരാത് സിങ് സച്‌ദേവ എന്നിവരുടെ വിക്കറ്റാണ് ശാര്‍ദുല്‍ തുടരെ മടക്കി.
ഒരു ഘട്ടത്തില്‍ മേഘാലയ 2 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടമായി പരിതാപകരമായ അവസ്ഥയിലായിരുന്നു. 5 താരങ്ങള്‍ റണ്ണൊന്നുമില്ലാതെ മടങ്ങി.
പിന്നാട് പ്രിങ്‌സാംഗ് സാംഗ്മ (19), ക്യാപ്റ്റന്‍ ആകാശ് ചൗധരി (16), അനിഷ് ചാരക് (17), ഹിമന്‍ ഫുകാന്‍ (28) എന്നിവരുടെ ചെറുത്തു നില്‍പ്പാണ് അവരുടെ സ്‌കോര്‍ 86ല്‍ എത്തിച്ചത്. ശാര്‍ദുല്‍ 11 ഓവറില്‍ 43 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. മോഹിത് ആവസ്തി 3 വിക്കറ്റുകളും സില്‍വസ്റ്റര്‍ ഡിസൂസ 2 വിക്കറ്റുകളും ഷംസ് മുലാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക