കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ എ; ഒപ്പമെത്താന്‍ ഇംഗ്ലണ്ട് ലയണ്‍സ് പൊരുതുന്നു

ഇംഗ്ലണ്ട് ലയണ്‍സിനായി സെഞ്ച്വറികളടിച്ച് ടോം ഹെയ്ന്‍സും മാക്‌സ് ഹോള്‍ഡനും
India A vs Eng Lions unofficial Test- India Eye More Wickets
India A vs Eng Lionsx
Updated on
2 min read

കാന്റര്‍ബെറി: ഇന്ത്യ എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇംഗ്ലണ്ട് ലയണ്‍സ് പൊരുതുന്നു (India A vs Eng Lions). ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 557 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി. മറുപടി തുടങ്ങിയ ഇംഗ്ലണ്ട് ലയണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സെന്ന നിലയില്‍. 5 വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ 186 റണ്‍സ് കൂടി വേണം ലയണ്‍സിന്.

ഓപ്പണര്‍ ടോം ഹെയ്ന്‍സ് സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. നാലാമനായി എത്തിയ മാക്‌സ് ഹോള്‍ഡനും ശതകം നേടിയിരുന്നു. മാക്‌സ് 101 റണ്‍സുമായി മടങ്ങി. ഹെയ്ന്‍സ് 152 റണ്‍സുമായി ബാറ്റിങ് തുടരുന്നു. 29 റണ്‍സുമായി ഡാന്‍ മൗസ്‌ലെയാണ് ടോമിനൊപ്പം ക്രീസില്‍. എമിലിയോ ഗെ 46 റണ്‍സെടുത്തു മടങ്ങി.

ഇന്ത്യക്കായി മുകേഷ് കുമാര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. അന്‍ഷുല്‍ കാംബോജ്, ഹര്‍ഷ് ദുബെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കായി മലയാളി താരം കരുൺ നായർ ഇരട്ട സെഞ്ച്വറി നേടിയതാണ് നിർണായകമായത്. താരം 281 പന്തുകള്‍ നേരിട്ട് 26 ഫോറും ഒരു സിക്സും സഹിതം 204 റണ്‍സെടുത്തു പുറത്തായി. ഡബിള്‍ സെഞ്ച്വറി തികച്ച് അധികം താമസിയാതെ താരം മടങ്ങി.

നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ മിന്നും ഫോമില്‍ കളിക്കുന്നത് ഇന്ത്യക്ക് കരുത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള പ്ലെയിങ് ഇലവനില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതായി കരുണിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്‌സ് മാറി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ താരത്തിന്റെ മികവ് ഇന്ത്യക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഒന്നാം ദിനത്തില്‍ സര്‍ഫറാസ് ഖാന് സെഞ്ച്വറി നഷ്ടമായപ്പോള്‍ രണ്ടാം ദിനത്തില്‍ ധ്രുവ് ജുറേലും സെഞ്ച്വറി വക്കില്‍ വീണു. ധ്രുവ് ജുറേല്‍ 94 റണ്‍സിനു പുറത്തായി. താരം 120 പന്തുകള്‍ പ്രതിരോധിച്ച് 11 ഫോറും ഒരു സിക്സും സഹിതമാണ് 94ല്‍ എത്തിയത്. രണ്ടാം ദിനത്തില്‍ ആദ്യ മടങ്ങിയതും ജുറേലാണ്. പിന്നാലെ വന്ന നിതീഷ് കുമാര്‍ റെഡിയും അധികം ക്രീസില്‍ നിന്നില്ല. താരം 7 റണ്‍സുമായി മടങ്ങി. ശാര്‍ദുല്‍ ഠാക്കൂര്‍ 27 റണ്‍സെടുത്തും പുറത്തായി.

സര്‍ഫറാസ് ഖാന്‍ 92 റണ്‍സില്‍ പുറത്തായി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനു നഷ്ടമായത്. 13 ഫോറുകള്‍ സഹിതമാണ് ഇന്നിങ്‌സ്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (24), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (8) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

വാലറ്റത്ത് ഹര്‍ഷ് ദുബെയും അന്‍ഷുല്‍ കാംബോജും നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 500 കടത്തിയത്. ഹര്‍ഷ് ദുബെ 32 റണ്‍സും അന്‍ഷുല്‍ 23 റണ്‍സും കണ്ടെത്തി.

ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്‍, സമാന്‍ അക്തര്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. എഡ്ഡി ജാക്ക് 2 വിക്കറ്റെടുത്തു. അജീത് സിങ് ഡെയ്ല്‍, എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com