

ഇന്നലത്തെ ഐപിഎല്‍ കലാശപ്പോരാട്ടം വൈകാരിക നിമിഷങ്ങള്‍ക്കാണ് വേദിയായത്. 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരങ്ങള്‍ വികാരഭരിതരായപ്പോള്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട് കിരീടം വീണ്ടും കിട്ടാക്കനിയായി തുടരുന്നതിന്റെ വിഷമത്തിലായിരുന്നു പഞ്ചാബ് കിങ്സ് താരങ്ങള്‍.
കഴിഞ്ഞ 18 വര്‍ഷം ബംഗളൂരു ടീമിനൊപ്പം അടിയുറച്ച് നിന്ന കോഹ് ലി സന്തോഷ കണ്ണീര്‍ പൊഴിച്ച് ഗ്രൗണ്ടില്‍ മുട്ടുകുത്തി ഇരുന്നത് ആരാധകരുടെ ഒന്നടങ്കം കണ്ണുകളെ ഈറന്നണിയിച്ച കാഴ്ചയാണ്. ആര്‍സിബി ക്യാമ്പ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍, പഞ്ചാബ് കിങ്സിന്‍റെ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയ്ക്കും (Preity Zinta ) ഇത് ഒരു വൈകാരിക നിമിഷമായിരുന്നു. കിരീടം വീണ്ടും കിട്ടാക്കനിയായി ഫൈനല്‍ മത്സരത്തില്‍ തോറ്റതിന് ശേഷം പ്രീതി വിഷമത്തോടെ മൈതാനത്തേക്ക് പോകുന്ന കാഴ്ചകളും സോഷ്യല്‍മീഡിയ ഏറ്റെടുത്തു. വെളുത്ത കുര്‍ത്തയും ചുവന്ന ദുപ്പട്ടയും സല്‍വാറും ധരിച്ച നടിയുടെ മുഖത്ത് ദുഃഖം നിഴലിച്ചിരുന്നു. ഫൈനലിലെ തോല്‍വിയുടെ ഞെട്ടല്‍ അവരുടെ മുഖത്ത് നിന്ന് മാഞ്ഞിട്ടില്ല. മത്സരത്തിന് ശേഷം ഗ്രൗണ്ടിലൂടെ നടക്കുമ്പോള്‍ അവരുടെ നിരാശ പ്രകടമായിരുന്നു.
ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ അടുത്തുചെന്ന് അവരെ ആശ്വസിപ്പിക്കാനും പ്രീതി മറന്നില്ല. തോല്‍വിയുടെ ദുഃഖത്തിലും അവരുടെ മാന്യമായ ഇടപെടല്‍ ആരാധകരുടെ ഹൃദയത്തെ സ്പര്‍ശിച്ചു. 'പ്രതീക്ഷിച്ചതുപോലെ പ്രീതി സിന്റയുടെ മുഖത്ത് കണ്ണുനീര്‍ നിറഞ്ഞിരിക്കുന്നു. 2014ല്‍ സമാനമായ ദൃശ്യങ്ങള്‍ ഞാന്‍ കണ്ടു'- ഒരു ആരാധകന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
പഞ്ചാബ് കിങ്സിന്‍റെ സഹ ഉടമ എന്ന നിലയില്‍ 2008 മുതല്‍ പ്രീതി സിന്റ ഐപിഎല്ലിന്റെ അവിഭാജ്യ ഘടകമാണ്. ടീമിനോടുള്ള അവരുടെ ആവേശകരമായ പിന്തുണ, പതിവ് സ്റ്റേഡിയത്തിലെ പ്രകടനങ്ങള്‍, കളിക്കാരുമായുള്ള വൈകാരിക ഇടപെടല്‍ എന്നിവ അവരെ ലീഗിലെ ഏറ്റവും പ്രിയപ്പെട്ട ഫ്രാഞ്ചൈസി ഉടമകളില്‍ ഒരാളാക്കി മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
