
ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ തലമുറ മാറ്റത്തിന്റെ തുടക്കമായി വിലയിരുത്തപ്പെടുന്ന പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ തുടങ്ങാനിരിക്കുന്നത് (India- England). ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഭാവിയുടെ താരമെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക ഘടകമാണ്. പക്ഷേ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ പോരാട്ടത്തിന്റെ നാലിന്നിങ്‌സില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിനു നേടാനായത്. ഇപ്പോള്‍ താരത്തെ പ്രത്യേകം മാറ്റി നിര്‍ത്തി കാര്യങ്ങള്‍ വിശദീകരിച്ച് പരിശീലനം കര്‍ശനമാക്കിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീര്‍.
അനാവശ്യ ഷോട്ടുകള്‍ തുടരെ കളിച്ചാണ് താരം ലയണ്‍സിനെതിരായ സന്നാഹത്തില്‍ തുടരെ പുറത്തായത്. 24, 67, 17, 5 എന്നിങ്ങനെയായിരുന്നു നാലിന്നിങ്‌സിലുമായി യശസ്വി നേടിയത്. ഇന്ത്യ എ ടീമും സീനിയര്‍ ടീമും തമ്മില്‍ ഇന്ന് സന്നാഹ മത്സരം കളിക്കാനിരിക്കെയാണ് ഗംഭീറിന്റെ ഉപദേശം. നെറ്റ്‌സില്‍ വ്യത്യസ്തങ്ങളായ ഷോട്ടുകള്‍ കളിപ്പിച്ചാണ് താരത്തിന്റെ പോരായ്മ പരിഹരിക്കാന്‍ കോച്ചടക്കമുള്ളവര്‍ ശ്രമിക്കുന്നത്. പരിശീലനത്തിനിടെ രണ്ട് തവണയായി ഗംഭീര്‍ ജയ്‌സ്വാളുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ബാറ്റിങ് പരിശീലനം.
ഇംഗ്ലണ്ടിലെ സാഹചര്യവുമായി പൊരുത്തപ്പെടാനും കൂടുതല്‍ മത്സര പരിചയം താരത്തിനു ലഭിക്കാനുമായാണ് നേരത്തെ തന്നെ ജയ്‌സ്വാളിനെ ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയച്ചത്. കരിയറില്‍ ആദ്യമായാണ് താരം ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റ് കളിക്കാനിറങ്ങിയത്. അതിനാല്‍ തന്നെയാണ് നാലിന്നിങ്‌സിലേയും പ്രകടനം വിലയിരുത്തി യശസ്വിക്ക് ഗംഭീര്‍ സ്‌പെഷ്യല്‍ ക്ലാസ് നല്‍കിയതും.
യശസ്വി ജയ്‌സ്വാളിനു വെല്ലുവിളിയായി ഓപ്പണിങില്‍ അഭിമന്യു ഈശ്വരന്‍ ബാക്ക് അപ്പായുണ്ട്. താരം ലയണ്‍സിനെതിരെ ടീമിനെ നയിക്കുകയും രണ്ട് അര്‍ധ സെഞ്ച്വറികളും നേടുകയും ചെയ്തിരുന്നു. അവസാന സന്നാഹത്തില്‍ ബാറ്റ് ചെയ്ത ഓപ്പണര്‍ കെഎല്‍ രാഹുലാകട്ടെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി.
2023ലാണ് താരം ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്. 19 മത്സരങ്ങളില്‍ നിന്നു 1798 റണ്‍സ് നേടി. ഇംഗ്ലണ്ടിനെതിരെ 9 ഇന്നിങ്‌സുകളില്‍ നിന്നു രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 712 റണ്‍സും താരം നേടിയിട്ടുണ്ട്. അതെല്ലാം ഇന്ത്യന്‍ പിച്ചില്‍ തന്നെയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates