

ലണ്ടന്‍: ക്യാപ്റ്റനായുള്ള വരവ് ഇംഗ്ലീഷ് മണ്ണില്‍ ശതകവുമായി കൊണ്ടാടി ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിനു പിന്നാലെയാണ് ഗില്ലും ചരിത്രമെഴുതിയത്. 140 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം ഗില്‍ 102 റണ്‍സ് കുറിച്ചു. ഫോറടിച്ചാണ് ക്യാപ്റ്റന്‍ ഗില്‍ ശതകം തൊട്ടത്. ഗില്ലിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്.
രണ്ട് സെഞ്ച്വറികളുടെ കരുത്തിൽ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഇന്ത്യയുടെ ആധിപത്യമാണ്. നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെന്ന നിലയില്‍. ഗില്‍ 118 റണ്‍സുമായും കൂട്ടിന് ഋഷഭ് പന്തുമാണ് ക്രീസില്‍. പന്ത് അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. താരം 4 ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സെടുത്തു. ഗില്‍ 15 ഫോറും ഒരു സിക്‌സും പറത്തി.
കിടിലന്‍ സെഞ്ച്വറിയുമായി യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ധീരമായ ഇന്നിങ്‌സിനു പിന്നാലെയാണ് ഗില്ലും 100 കടന്നത്. ശതകം കടന്നതിനു പിന്നാലെ യശസ്വി മടങ്ങി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് മടക്കിയത്. 144 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്‌സും സഹിതം യശസ്വി 100 റണ്‍സിലെത്തി. 101 റണ്‍സില്‍ ഔട്ടായി മടങ്ങുകയും ചെയ്തു. ഇംഗ്ലണ്ടിലെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് യശസ്വി കുറിച്ചത്. ഇംഗ്ലീഷ് മണ്ണിലെ കന്നി പോരാട്ടത്തില്‍ തന്നെ സെഞ്ച്വറി നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്ററായും യശസ്വി മാറി.
തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പതറിയ ഇന്ത്യയെ ക്യാപ്റ്റന്‍ ഗില്ലിനെ കൂട്ടുപിടിച്ച് യശസ്വിയാണ് ട്രാക്കിലാക്കിയത്. ഓപ്പണിങില്‍ കെഎല്‍ രാഹുലുമായും താരം മികച്ച കൂട്ടുകെട്ടുണ്ടാക്കി.
നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തുടക്കത്തില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം കരുത്തുറ്റ ബാറ്റിങുമായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ക്രീസില്‍ നിന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗില്‍ അര്‍ധ സെഞ്ച്വറിയടിച്ചു തന്നെ ആഘോഷമാക്കി.
ഉച്ച ഭക്ഷണത്തിനു പിരിയുന്നതിനു തൊട്ടു മുന്‍പാണ് ഇന്ത്യയ്ക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടാണ് യശസ്വി- ഗില്‍ കൂട്ടുകെട്ട്.
ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. വിക്കറ്റ് നഷ്ടമില്ലാതെ 91 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌കോര്‍ 91ല്‍ നില്‍ക്കെ കെഎല്‍ രാഹുലാണ് ആദ്യം പുറത്തായത്. ബ്രയ്ഡന്‍ കര്‍സാണ് രാഹുലിനെ മടക്കി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കിയത്. രാഹുല്‍ 78 പന്തില്‍ 8 ഫോറുകള്‍ സഹിതം 42 റണ്‍സെടുത്തു പുറത്തായി.
പിന്നാലെ ക്രീസിലെത്തിയത് അരങ്ങേറ്റക്കാരന്‍ ബി സായ് സുദര്‍ശനാണ്. എന്നാല്‍ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് പോരാട്ടം താരത്തിനു നിരാശയാണ് നല്‍കിയത്. 4 പന്തുകള്‍ നേരിട്ട് സായ് പൂജ്യത്തിനു പുറത്തായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്തിനു പിടി നല്‍കിയാണ് സായ് മടങ്ങിയത്.
ഇംഗ്ലണ്ടിനായി ബെന്‍ സ്‌റ്റോക്‌സ് രണ്ട് വിക്കറ്റെടുത്തു. ബ്രയ്ഡന്‍ കര്‍സന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
India captain Shubman Gill slammed a century as the visitors continue to pile runs on Day 1 of the 1st Test against England in Leeds.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates