

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ കളി നേരത്തെ നിര്‍ത്തി. മഴ പെയ്തതോടെയാണ് കളി നേരത്തെ അവസാനിപ്പിച്ചത്. ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയില്‍. ഇന്ത്യക്ക് ആകെ 96 റണ്‍സ് ലീഡ്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറിയുടെ വക്കില്‍ നില്‍ക്കുന്നു. 47 റണ്‍സുമായി രാഹുലും 6 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 16 റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് മടങ്ങിയത്. താരത്തെ ബ്രയ്ഡന്‍ കര്‍സാണ് മടക്കിയത്. പിന്നീടെത്തിയ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ മികവോടെ ബാറ്റ് വീശുന്നതിനിടെയാണ് മടങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായി നിരാശപ്പെട്ട സായ് രണ്ടാം ഇന്നിങ്‌സില്‍ 30 റണ്‍സ് കണ്ടെത്തി. താരത്തെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് പുറത്താക്കിയത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 465 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 6 റണ്‍സ് ലീഡാണ് പിടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 471 റണ്‍സാണ് കണ്ടെത്തിയത്. പേസ് ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ മൂന്നാം ദിനം കളി പിടിച്ചത്. 5 വിക്കറ്റുകള്‍ വീഴ്ത്തി ജസ്പ്രിത് ബുംറ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ മുന്നില്‍ നിന്നു. പ്രസിദ്ധ് കൃഷ്ണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.
ഒലി പോപ്പിനു പിന്നാലെ സെഞ്ച്വറി തികയ്ക്കാനുള്ള ഹാരി ബ്രൂക്കിന്റെ മോഹം ഒറ്റ റണ്‍ അകലെ അവസാനിച്ചു. താരം 99 റണ്‍സില്‍ വീണു. പിന്നീട് ക്രിസ് വോക്‌സ് (38), ബ്രയ്ഡന്‍ കര്‍സ് (22) എന്നിവരുടെ ചെറുത്തു നില്‍പ്പും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 450 കടത്തുന്നതില്‍ നിര്‍ണായകമായി. ജോഷ് ടോംഗ് 11 റണ്‍സുമായി മടങ്ങി. അവസാന മൂന്ന് വിക്കറ്റുകള്‍ 12 റണ്‍സിനിടെ പിഴുതാണ് ഇന്ത്യ ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്.
ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന നിലയിലായിരുന്നു. കളി പുനരാരംഭിച്ചതിനു പിന്നാലെ അര്‍ധ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ജാമി സ്മിത്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. ഹാരി ബ്രൂക്കുമായി ചേര്‍ന്നു താരം മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറുന്നതിനിടെയാണ് ഇന്ത്യക്ക് പ്രസിദ്ധ് വീണ്ടും ബ്രേക്ക് ത്രൂ നല്‍കിയത്. താരം 40 റണ്‍സെടുത്തു.
മൂന്നാം ദിനത്തില്‍ ഒലി പോപ്പ്, ബെന്‍ സ്റ്റോക്സ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. തുടക്കത്തില്‍ ഒലി പോപ്പിനെ പ്രസിദ്ധ് കൃഷ്ണയും നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ സ്റ്റോക്സിനെ മുഹമ്മദ് സിറാജുമാണ് പുറത്താക്കിയത്. സ്റ്റോക്സ് 20 റണ്‍സുമായി മടങ്ങി. ഹാരി ബ്രുക്കുമായി ചേര്‍ന്നു ഇന്നിങ്സ് നേരേയാക്കാനുള്ള ശ്രമത്തിനിടെയാണ് ഇംഗ്ലീഷ് ക്യാപ്റ്റന്റെ വീഴ്ച. സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനു ക്യാച്ച് നല്‍കിയാണ് സ്റ്റോക്സ് മടങ്ങിയത്.
രണ്ടാം ദിനത്തില്‍ കിടയറ്റ സെഞ്ച്വറിയുമായി ഇന്ത്യക്കു വെല്ലുവിളി ഉയര്‍ത്തിയ പോപ്പിനെ പ്രസിദ്ധ് കൃഷ്ണ പന്തിന്റെ കൈകളിലെത്തിച്ചു. താരം 137 പന്തില്‍ 14 ഫോറുകള്‍ സഹിതം 106 റണ്‍സുമായി മടങ്ങി.
നേരത്തെ ബെന്‍ ഡക്കറ്റ് അര്‍ധ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനു കരുത്തായിരുന്നു. താരം 62 റണ്‍സെടുത്തു. 9 ഫോറുകള്‍ സഹിതമാണ് ഇന്നിങ്സ്. ജോ റൂട്ട് 28 റണ്‍സിലും ഓപ്പണര്‍ സാക് ക്രൗളി 4 റണ്‍സിലും പുറത്തായിരുന്നു.
രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനു നഷ്ടമായ മൂന്ന് വിക്കറ്റുകളും ജസ്പ്രിത് ബുംറയാണ് സ്വന്തമാക്കിയത്. മൂന്നാം ദിനത്തില്‍ പിന്നാലെയാണ് പ്രസിദ്ധും മികവോടെ പന്തെറിഞ്ഞ് 3 വിക്കറ്റുകള്‍ പിഴുതത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിക്കു കോപ്പുകൂട്ടിയ ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ ജസ്പ്രിത് ബുംറ ഞെട്ടിച്ചിരുന്നു. സ്‌കോര്‍ 4 റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍ സാക് ക്രൗളിയെ പുറത്താക്കി ജസ്പ്രിത് ബുംറ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓപ്പണര്‍ സാക് ക്രൗളിയെ ജസ്പ്രിത് ബുംറ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ സഹ ഓപ്പണര്‍ ബെന്‍ ഡക്കറ്റും വണ്‍ ഡൗണായി എത്തിയ ഒലി പോപ്പും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഇംഗ്ലണ്ട് ട്രാക്കിലായി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി മുന്നോട്ടു പോകുന്നതിനിടെയാണ് ബുംറ വീണ്ടും കൊടുങ്കാറ്റായത്. 62 റണ്‍സെടുത്ത ഡക്കറ്റിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകള്‍ 41 റണ്‍സിനിടെ വീഴ്ത്താന്‍ ഇംഗ്ലണ്ടിനു സാധിച്ചു.
രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ മലയാളി താരം കരുണ്‍ നായര്‍ക്ക് അവസരം മുതലാക്കാനായില്ല. താരം 4 പന്തുകള്‍ നേരിട്ട് പൂജ്യത്തിനു മടങ്ങി. പിന്നാലെ ഋഷഭ് പന്തും എട്ടാമനായി എത്തിയ ശാര്‍ദുല്‍ ഠാക്കൂറും പുറത്തായി. രവീന്ദ്ര ജഡേജ (11), ബുംറ (0), പ്രസിദ്ധ് കൃഷ്ണ (1) എന്നിവര്‍ ക്ഷണം മടങ്ങി. 3 റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.
സ്വന്തം സ്‌കോര്‍ 99ല്‍ നില്‍ക്കെ ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സിക്‌സര്‍ തൂക്കിയാണ് പന്ത് 105 റണ്‍സിലെത്തിയത്. 146 പന്തുകള്‍ നേരിട്ട് 10 ഫോറുകളും 4 സിക്‌സുകളും പറത്തിയാണ് പന്ത് ശതകം തൊട്ടത്. പന്ത് സെഞ്ച്വറി കുറിച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ ഗില്‍ പുറത്തായി. താരം 227 പന്തുകള്‍ നേരിട്ട് 19 ഫോറും ഒരു സിക്‌സും പറത്തി 147 റണ്‍സുമായി മടങ്ങി. ഷൊയ്ബ് ബഷീറിനാണ് വിക്കറ്റ്. പന്ത് 178 പന്തുകള്‍ നേരിട്ട് 12 ഫോറും 6 സിക്‌സുകളും സഹിതം 134 റണ്‍സുമായാണ് മടങ്ങിയത്. ശാര്‍ദുല്‍ ഠാക്കൂര്‍ 1 റണ്‍സുമായി ഔട്ടായി.
രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 വിക്കറ്റെടുത്തു. ജോഷ് ടോംഗും 4 വിക്കറ്റുകള്‍ സ്വന്തമാക്കി. ബ്രയ്ഡന്‍ കര്‍സന്‍, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
England vs India- KL Rahul stood strong for India in the third session as rain has forced early stumps on Day 3 of the first Test.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
