'രോഹിതിന്റെ പ്രകടനം വളരെ മോശം, ടീമിൽ നിന്നു പുറത്താക്കണം'- ഷമയെ പിന്തുണച്ച് തൃണമൂൽ എംപി

രോഹിത് ശർമയെ വിമർശിച്ച് കോൺ​ഗ്രസ് വക്താവ് ഷമ മുഹമ്മദ് എക്സിൽ ഇട്ട പോസ്റ്റ് വിവാദമായിരുന്നു
Rohit Sharma shouldn't be in team
രോഹിത് ശർമ എക്സ്
Updated on

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ വിമർശിച്ച് കോൺ​ഗ്രസ് വക്താവ് ഷമ മുഹമ്മദ് എക്സിൽ പങ്കിട്ട കുറിപ്പ് വിവാ​ദമായിരുന്നു. പിന്നാലെ ഷമ കുറിപ്പ് ഡിലീറ്റ് ചെയ്ത് അവർ ക്ഷമയും ചോദിച്ചിരുന്നു. ഇപ്പോൾ ഷമയെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ കോൺ​ഗ്രസ് എംപി സൗ​ഗത റോയ്.

രോഹിത് ശർമയെ കുറിച്ച് ഷമ പറഞ്ഞത് ശരിയായ കാര്യങ്ങളാണെന്നു സൗ​ഗത റോയ് വ്യക്തമാക്കി. രോഹിതിന്റെ പ്രകടനം മോശമാണ്. ടീമിൽ പോലും അദ്ദേഹത്തിനു സ്ഥാനം നൽകരുതെന്നു സൗ​ഗത പറഞ്ഞു.

'രോഹിത് ശർമയുടെ പ്രകടനം മോശമാണെന്നു അവർ പറഞ്ഞത് എത്രയോ ശരിയാണ്. ഒരു സെഞ്ച്വറിയും അതിനു ശേഷം 2, 3, 4, 5 റൺസൊക്കെയാണ് അദ്ദേഹം നേടുന്നത്. ടീമിൽ പോലും രോഹിതിനു ഇടം നൽകാൻ പാടില്ല. ടീമിലെ മറ്റു താരങ്ങളുടെ പ്രകടനം കൊണ്ടു മാത്രമാണ് ടീം ജയിക്കുന്നത്. ക്യാപ്റ്റനായിട്ടും ടീമിനായി എന്തെങ്കിലും ചെയ്യാൻ രോഹിതിനു സാധിക്കുന്നില്ല. ഇക്കാര്യത്തിൽ ഷമ പറഞ്ഞത് വളരെ ശരിയാണ്'- സൗ​ഗത വ്യക്തമാക്കി.

രോഹിത് ശർമയെ രൂക്ഷമായി വിമർശിച്ചാണ് ഷമ എക്സിൽ പോസ്റ്റിട്ടത്. വിവാദമായതോടെ ക്ഷമ ചോദിച്ച് ഷമ രം​ഗത്തെത്തിയിരുന്നു. ഹൈക്കമാൻഡ് ഇടപെടലിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിൻവലിച്ചത്. ഇന്നലെ നടന്ന ഇന്ത്യ - ന്യൂസിലൻഡ് ചാംപ്യൻസ് ട്രോഫി മത്സരത്തിന് പിന്നാലെയായിരുന്നു രോഹിതിനെതിരായ ഷമയുടെ വിമർശനം. രോഹിത് ശർമ തടിയെനെന്നും കായികതാരത്തിന് ചേർന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്‌ക്കേണ്ടതുണ്ട് എന്നുമാണ് ഷമ എക്‌സിൽ കുറിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്.

തന്റെ പോസ്റ്റ് ബോഡി ഷെയ്മിങ് ലക്ഷ്യമിട്ടായിരുന്നില്ലെന്നും കളിക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് താൻ പറഞ്ഞതെന്നും ഷമ പറഞ്ഞു. 'ഒരു കായികതാരം എപ്പോഴും ഫിറ്റ്‌നസ് ആയിരിക്കണം, രോഹിത് ശർമയ്ക്ക് അൽപം തടി കൂടുതലാണെന്ന് എനിക്ക് തോന്നി. അതിനെ കുറിച്ച് ഞാൻ ട്വീറ്റ് ചെയ്തു. ഒരു കാരണവുമില്ലാതെ ഞാൻ ആക്രമിക്കപ്പെട്ടു. മുൻ ക്യാപ്റ്റൻമാരുമായി ഞാൻ അദ്ദേഹത്തെ താരതമ്യം ചെയ്തപ്പോൾ, ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. അതുപറയാൻ എനിക്ക് അവകാശമുണ്ട്. അതിൽ എന്താണ് തെറ്റെന്നും ജനാധിപത്യത്തിൽ സംസാരിക്കാൻ അവകാശമില്ലേ' - ഷമ ചോദിച്ചു

ഷമയുടെ പോസ്റ്റിനെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു. രാഷ്ട്രീയ പാർട്ടികളും ഷമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിക്ക് കീഴിൽ 90 തെരഞ്ഞെടുപ്പുകളിൽ തോറ്റ കോൺഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമർശിക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 'കോൺഗ്രസ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനെ പിന്തുടരുകയാണ്! നാണക്കേട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പരാജയപ്പെട്ട രാഹുൽ ഗാന്ധി ഇനി ക്രിക്കറ്റ് കളിക്കുമെന്നാണോ പ്രതീക്ഷിക്കുന്നത്' പോസ്റ്റിന് മറുപടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ടി20 ലോകകപ്പിൽ ഇന്ത്യയെ ചാംപ്യൻമാരാക്കിയ രോഹിത്തിനെ വിമർശിക്കാൻ എന്തവകാശമാണ് കോൺഗ്രസിനുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു.

2023ലാണ് രോഹിത് ശർമ ടീം ഇന്ത്യ ക്യാപ്റ്റനായി ചുമതലയേൽക്കുന്നത്. രോഹിതിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ കഴിഞ്ഞ ടി 20 ലോകകപ്പ് കിരീടം നേടുന്നത്. രണ്ട് ഏഷ്യാ കപ്പ് ട്രോഫികളും ഇന്ത്യ നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com