കിവികളുടെ 'ചിറക്' സ്പിന്നില്‍ കുരുക്കി ഇന്ത്യ

കുല്‍ദീപിനും വരുണിനും രണ്ട് വീതം വിക്കറ്റുകള്‍
Champions Trophy Final- India on top
വിക്കറ്റാഘോഷിക്കുന്ന വരുൺ ചക്രവർത്തിഎക്സ്
Updated on

ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ സ്പിന്നില്‍ കരുക്കി ഇന്ത്യ. അതിവേഗം തുടങ്ങിയ കിവികളുടെ ചിറകു തളര്‍ത്തി സ്പിന്നര്‍മാര്‍ അരങ്ങ് വാണതോടെ കളി ഇന്ത്യന്‍ വരുതിയില്‍. നിലവില്‍ ബാറ്റിങ് തുടരുന്ന അവര്‍ 46 ഓവര്‍ പിന്നിടുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെന്ന നിലയിലാണ്. ന്യൂസിലന്‍ഡിനു നഷ്ടമായ 6ല്‍ 5 വിക്കറ്റുകളും സ്പിന്നര്‍മാര്‍ പോക്കറ്റിലാക്കി. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടും, രവീന്ദ്ര ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമിക്കാണ് മറ്റൊരു വിക്കറ്റ്. ന്യൂസിലന്‍ഡിനായി അര്‍ധ സെഞ്ച്വറിയുമായി പൊരുതി ഡാരില്‍ മിച്ചല്‍ ഇന്ത്യന്‍ ബൗളിങിനെ പ്രതിരോധിച്ചു.

ഏഴാമനായി എത്തിയ മിച്ചല്‍ ബ്രെയ്‌സ്‌വെല്‍ പ്രത്യാക്രമണ മൂഡിലാണ്. താരം 25 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 24 റണ്‍സുമായി നില്‍ക്കുന്നു. ഒപ്പം 1 റണ്ണുമായി ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും ക്രീസിൽ.

ന്യൂസിലന്‍ഡിനായി 101 പന്തുകള്‍ നേരിട്ട് ഡാരില്‍ മിച്ചല്‍ 63 റണ്‍സെടുത്താണ് മടങ്ങിയത്. താരം 3 ഫോറുകള്‍ മാത്രമാണ് അടിച്ചത്. മുഹമ്മദ് ഷമിയാണ് മിച്ചലിനെ മടക്കിയത്.

ടോസ് നേടി ബാറ്റിങെടുത്ത കിവികള്‍ മിന്നും തുടക്കമാണിട്ടത്. ഓപ്പണര്‍മാര്‍ നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നിര്‍ണായക വിക്കറ്റ് നേട്ടം. തൊട്ടുപിന്നാലെ പന്തെടുത്ത കുല്‍ദീപിന്റെ അടുത്ത ഞെട്ടിക്കല്‍. തന്റെ രണ്ടാം ഓവറില്‍ കെയ്ന്‍ വില്ല്യംസനേയും പുറത്താക്കി കുല്‍ദീപ് കിവികളെ വീണ്ടും ഞെട്ടിച്ചു.

രചിന്‍ രവീന്ദ്രയും വില്‍ യങും ചേര്‍ന്ന ഓപ്പണിങ് 7.5 ഓവറില്‍ 57 റണ്‍സടിച്ചു നില്‍ക്കെയാണ് വരുണ്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. വില്‍ യങിനെ താരം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. യങ് 15 റണ്‍സില്‍ പുറത്തായി.

പിന്നാലെ കിടിലന്‍ ബാറ്റിങുമായി കളം വാഴുമെന്നു തോന്നിച്ച രചിന്‍ രവീന്ദ്രയുടെ മടക്കം. നിര്‍ണായക ബൗളിങ് മാറ്റവുമായി എത്തിച്ച കുല്‍ദീപ് യാദവ് തന്റെ ആദ്യ പന്തില്‍ തന്നെ മികച്ച സ്‌കോറിലേക്ക് കുതിച്ച രചിന്‍ രവീന്ദ്രയെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. രചിന്‍ 29 പന്തില്‍ 37 റണ്‍സെടുത്തു. താരം 4 ഫോറും ഒരു സിക്‌സും തൂക്കി.

പിന്നാലെയാണ് കുല്‍ദീപിന്റെ ഇരട്ട പ്രഹരം. 11 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസനെ കുല്‍ദീപ് സ്വന്തം ബൗളിങില്‍ പിടിച്ചു പുറത്താക്കി.

ടോ ലാതം ഡാരില്‍ മിച്ചലുമായി ചേര്‍ന്നു ഇന്നിങ്‌സ് നേരെയാക്കാന്‍ ഒരുങ്ങിയപ്പോള്‍ ജഡേജ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കി. 30 പന്തില്‍ 14 റണ്‍സാണ് ലാതം നേടിയത്.

പിന്നീടു വന്ന ഗ്ലെന്‍ ഫിലിപ്‌സ് മികച്ച ഷോട്ടുകളുമായി കളം വാണു. താരം നിലയുറപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ നോക്കവേ വരുണ്‍ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി വീണ്ടും ഇന്ത്യയുടെ രക്ഷകനായി. ഗ്ലെന്‍ ഫിലിപ്‌സ് 52 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com