
ദുബായ്: ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ ഇന്ത്യക്കായി കളിക്കുന്നില്ലെങ്കിലും സ്പിന്നർ യുസ്‍വേന്ദ്ര ചഹൽ ഫൈനൽ മത്സരം കാണാൻ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തി. ഗാലറിയിലിരുന്നു അജ്ഞാതയായ സുന്ദരിയ്ക്കൊപ്പം താരം ഇന്ത്യ- ന്യൂസിലൻഡ് പോരാട്ടം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാണ്. ആരാണ് താരത്തിനൊപ്പമുള്ള സുന്ദരി എന്നാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ കൊടുമ്പിരി കൊണ്ട ചർച്ച.
സമീപ കാലത്ത് ഇന്ത്യൻ ടീമിൽ ഇടം കിട്ടാത്ത ചഹൽ ഭാര്യ ധനശ്രീയുമായുള്ള വിവാഹ മോചന വാർത്തകളുമായി ബന്ധപ്പെട്ടാണ് വാർത്തകളിൽ നിറയുന്നത്. അതിനിടെയാണ് ചിത്രങ്ങൾ പ്രചരിക്കപ്പെടുന്നത്.
ആർജെ മെഹ്‍വാഷും ചഹലും ഡേറ്റിങിലാണെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. അവരാണോ ചിത്രത്തിൽ എന്നാണ് ചിലർ സംശയം പ്രകടിപ്പിക്കുന്നത്. നേരത്തെ ഇരുവരും മുംബൈയിലെ ഹോട്ടല്ലിൽ നിന്നു നടന്നു വരുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. അന്നും ഇതേ ചോദ്യങ്ങളുമായി ആരാധകർ രംഗത്തു വന്നു.
അന്ന് ഫോട്ടോഗ്രാഫർമാരെ കണ്ടപ്പോൾ ചഹൽ മുഖം മറയ്ക്കാൻ ശ്രമിച്ചെന്നും ഒപ്പമുണ്ടായിരുന്ന യുവതി അസ്വസ്ഥത പ്രകടിപ്പിച്ചതായും വാർത്തകൾ വന്നിരുന്നു. അഭ്യൂഹങ്ങൾ വ്യാപകമായതോടെ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ വിമർശിച്ച് മെഹ്‍വാഷ് രംഗത്തു വരികയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക