

ദുബായ്: ഇന്ത്യന്‍ താരങ്ങള്‍ ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടം ആഘോഷിക്കുമ്പോള്‍ അപ്പുറത്ത് പതിവ് നിസംഗ ഭാവവുമായി ഗൗതം ഗംഭീര്‍ മാറി നില്‍ക്കുന്നുണ്ടായിരുന്നു. കിരീടം നേടിയില്ലെങ്കില്‍ ഒരു പക്ഷേ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനത്തിനു തന്നെ ഇളക്കം വരുമെന്ന അവസ്ഥയിലാണ് അദ്ദേഹം ചാംപ്യന്‍സ് ട്രോഫിക്കായി ടീമിനെ ഒരുക്കിയത്.
ടി20 ഫോര്‍മാറ്റില്‍ തന്റെ പരിശീലക വൈദഗ്ധ്യം ഗംഭീര്‍ വ്യക്തമാക്കിയതാണ്. ഐപിഎല്ലിലും പിന്നീട് ഇന്ത്യന്‍ ടീമിലും ആരാധകര്‍ അതു കണ്ടു. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ ആ മികവ് ക്ലച്ച് പിടിച്ചില്ല. ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടം ആ കുറവും പരഹരിച്ചിരിക്കുന്നു. ഒരു ഐസിസി ഏകദിന കിരീടമെന്ന ഇന്ത്യയുടെ 12 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഗംഭീറും പിള്ളേരും ചേര്‍ന്നു വിരാമം കുറിച്ചത്.
ഇത്തവണ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉടലെടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു. കെഎല്‍ രാഹുലിനെ ഒന്നാം വിക്കറ്റ് കീപ്പറാക്കിയതായിരുന്നു ഇതില്‍ പ്രധാനം. ഋഷഭ് പന്തിനെ ഒന്നാം വിക്കറ്റ് കീപ്പറാക്കണമെന്നു സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍ നിര്‍ബന്ധം പിടിച്ചെന്നും എന്നാല്‍ ഗംഭീര്‍ രാഹുലില്‍ ഉറച്ചു നിന്നുമായിരുന്നു പ്രചരിച്ചത്.
എന്തായാലും ഗംഭീര്‍ എടുത്ത എല്ലാ തീരുമാനങ്ങളും ശരിയാണെന്നു ടൂര്‍ണമെന്റ് മുഴുവന്‍ കണ്ടാല്‍ മനസിലാകും. കെഎല്‍ രാഹുല്‍ പതിവ് രീതി മാറ്റി മികച്ച ബാറ്റിങുമായി കളം വാണു. അവസാന ഘട്ടത്തില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ മാറ്റി വരുണ്‍ ചക്രവര്‍ത്തിയെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനവും ഏറ്റവും ഫലപ്രദമായി. ഫൈനലിലടക്കം നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യയുടെ കളിയുടെ ഗതി തന്നെ വരുണ്‍ നിര്‍വചിച്ചു.
അതുപോലെ എല്ലാവരേയും അമ്പരപ്പിച്ച തീരുമാനമായിരുന്നു അക്ഷര്‍ പട്ടേലിനു ബാറ്റിങില്‍ സ്ഥാന കയറ്റം നല്‍കാനുള്ള തീരുമാനം. താരത്തെ അഞ്ചാമനായി ഇറക്കിയതോടെ അക്ഷര്‍ ബാറ്റിങില്‍ തിളങ്ങി. അതോടെ ബാറ്റിങ് നിരയ്ക്ക് ആഴവും വൈവിധ്യവും വന്നു. ടൂര്‍ണമെന്റിലുടനീളം ഒന്നല്ലെങ്കില്‍ മറ്റൊരാള്‍ എന്ന നിലയില്‍ ടീമിലെ എല്ലാ താരങ്ങളും നിര്‍ണായക സംഭാവനകള്‍ നല്‍കി.
ടീമിനെതിരെ, താരങ്ങള്‍ക്കെതിരെ പുറത്തു നിന്നു ആരെങ്കിലും വിമര്‍ശനമുന്നയിച്ചാല്‍ അതിനെ ഗംഭീര്‍ കരുത്തോടെ പ്രതിരോധിച്ചു. ദുബായ് പിച്ച് ഇന്ത്യക്കനുകൂലമാണെന്ന വിമര്‍ശനങ്ങളുടെ മുനയും ഗംഭീര്‍ ഒടിച്ചു കളഞ്ഞു.
ടി20യിലും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റിലും ഗംഭീര്‍ തന്റെ പരിശീലക മികവ് ബോധ്യപ്പെടുത്തി കഴിഞ്ഞു. ഇനി റെഡ് ബോള്‍ ക്രിക്കറ്റാണ് ഗൗതിയുടെ ലക്ഷ്യം. ടെസ്റ്റിൽ ടീമിനെ സജ്ജമാക്കുകയാണ് അദ്ദേഹത്തിനുള്ള വെല്ലുവിളി. ഗംഭീറിനു ഇനി കുറച്ചു നാള്‍ വിശ്രമിക്കാനുള്ള അവസരമാണ്. ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്‍ കളിക്കാനുള്ള ഒരുക്കത്തിലേക്ക് നീങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates