
കൊല്‍ക്കത്ത: തന്ത്രങ്ങളൊരുക്കി വീണ്ടും കൊല്‍ക്കത്ത് നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്ക് ആധികാരികമായി നയിച്ചാണ് ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനാകാന്‍ ടീമിന്റെ പടിയിറങ്ങിയത്. ഗംഭീറിനു പകരക്കാരനായി കെകെആര്‍ ഇത്തവണ മെന്ററായി എത്തിച്ചത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയെയാണ്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളില്‍ ദീര്‍ഘ കാലം കളിച്ച ഓള്‍ റൗണ്ടര്‍ കൂടിയാണ് ബ്രാവോ. ടി20 ഫോര്‍മാറ്റിലെ തന്നെ ഇതിഹാസമായാണ് ബ്രാവോ വിലയിരുത്തപ്പെടുന്നത്.
'നിര്‍ഭാഗ്യവശാല്‍ ഇത്തവണ കെകെആറിനു ചില നിര്‍ണായക താരങ്ങളെ നഷ്ടമായിട്ടുണ്ട്. ജിജിക്ക് അദ്ദേഹത്തിന്റെ സ്റ്റൈലാണ്. എനിക്ക് എന്റേതായ രീതികളും. ഞങ്ങള്‍ രണ്ട് പേരും ഞങ്ങളുടെ വഴിയില്‍ വിജയിച്ചവരാണ്. ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. ചില നിര്‍ണായക കാര്യങ്ങള്‍ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. നിലവില്‍ കൊല്‍ക്കത്തയ്ക്കു ഒരു വിജയ ഫോര്‍മുലയുണ്ട്. തീര്‍ച്ചയായും അതിനുതകുന്ന തരത്തിലായിരിക്കും ഞാനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക.'
'കഴിഞ്ഞ സീസണില്‍ ജിജി ചെയ്ത ചില നല്ല കാര്യങ്ങളുണ്ട്. അതിനെ പാടെ തള്ളുന്നത് എന്നോടു തന്നെ ഞാന്‍ ചെയ്യുന്ന വഞ്ചനയായിരിക്കും. കഴിഞ്ഞ വര്‍ഷം കിരീടം നേടിയ ടീമിന്റെ മനോഭാവം നിലനിര്‍ത്തുക എന്നതാണ് പരമ പ്രധാനം.'
'ടീം ഉടമ ഷാരൂഖ് ഖാനുമായി നല്ല ബന്ധമാണ്. എന്റെ നാട്ടില്‍ സിപിഎല്ലുമായി ബന്ധപ്പെട്ട് അദ്ദേഹം മികച്ച ടീമിനെ കെട്ടിപ്പടുത്തിട്ടുണ്ട്. ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് സിപിഎല്ലിലെ ഏറ്റവും വിജയിച്ച ടീമുകളിലൊന്നാണ്. അത്തരമൊരു ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിച്ചു. ആ ഊര്‍ജവും ആവേശവും ഇത്തവണ കെകെആറിനൊപ്പവും പുറത്തെടുക്കാമെന്നാണ് പ്രതീക്ഷ'- ബ്രാവോ പുതിയ ജോലിയെക്കുറിച്ച് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക