
ലഖ്നൗ: ഐപിഎല്‍ മെഗാ ലേലത്തില്‍ ഓള്‍ റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂറിനെ ഒരു ടീമും എടുക്കാന്‍ തയ്യാറാകാതിരുന്നത് ശ്രദ്ധേയമായിരുന്നു. ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരം ഇത്തവണ അണ്‍സോള്‍ഡായിരുന്നു.
ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ശാര്‍ദുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എല്‍എസ്ജി ജേഴ്‌സിയില്‍ ശാര്‍ദുല്‍ പന്തെറിയുന്ന ഫോട്ടോ സമൂഹ മാധ്യമത്തില്‍ വൈറലായി മാറിയതോടെയാണ് ആരാധകര്‍ ചോദ്യവുമായി എത്തിയത്. ടീമിന്റെ ഹോളി ആഘോഷങ്ങളിലും ശാര്‍ദുലിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 22നു തുടങ്ങാനിരിക്കെ എല്‍എസ്ജിക്ക് നിര്‍ണായക താരങ്ങളുടെ പരിക്ക് തലവേദനയായിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ മായങ്ക് യാദവ്, പേസര്‍മാരായ ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ഇവര്‍ക്കു പകരമായി ശാര്‍ദുല്‍ ടീമിലെത്തിയോ എന്ന സംശയമാണ് ഉയർന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കായി താരം നേരത്തെ കളിച്ചിട്ടുണ്ട്. 95 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 94 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.
ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ താരം മുംബൈക്കായി 9 കളിയില്‍ നിന്നു 15 വിക്കറ്റുകള്‍ നേടിയിരുന്നു. രഞ്ജിയിലും താരം മുംബൈക്കായി തിളങ്ങി. 9 മത്സരങ്ങളില്‍ നിന്നു 35 വിക്കറ്റുകളാണ് ഇത്തവണ വീഴ്ത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ