
വിശാഖപട്ടണം: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് നായകനായുള്ള ഋഷഭ് പന്തിന്റെ അരങ്ങേറ്റം നിരാശയില്‍ അവസാനിച്ചു. തന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സീസണിലെ ആദ്യ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ 6 പന്ത് നേരിട്ടെങ്കിലും റണ്ണൊന്നുമില്ലാതെ മടങ്ങി. പക്ഷേ ടീം മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. നിശ്ചിത ഓവറില്‍ ലഖ്‌നൗ 8 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് കണ്ടെത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും ഡേവിഡ് മില്ലറും നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് ടീം സ്‌കോര്‍ 200 കടത്തിയത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാണു. താരം 21 പന്തില്‍ 50ല്‍ എത്തി. 4 സിക്‌സും 5 ഫോറും സഹിതമാണ് മാര്‍ഷിന്റെ അര്‍ധ സെഞ്ച്വറി. താരം 6 വീതം സിക്‌സും ഫോറും സഹിതം 36 പന്തില്‍ 72 റണ്‍സ് വാരി.
ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റാണ് ലഖ്‌നൗവിനു ആദ്യം നഷ്ടമായത്. താരത്തെ വിപ്രജ് നിഗമാണ് മടക്കിയത്. എന്നാല്‍ പിന്നാലെ എത്തിയ നിക്കോളാസ് പുരാന്‍ നിഗമിന്റെ ഒറ്റ ഓവറില്‍ മൂന്ന് സിക്‌സുകള്‍ തൂക്കി. ഇതേ ഓവറില്‍ മിച്ചല്‍ മാര്‍ഷും ഒരു സിക്‌സടിച്ചു. ഈയോവറില്‍ താരം 4 സിക്‌സുകള്‍ വഴങ്ങി.
പുരാനും ടോപ് ഗിയറിലാണ് ബാറ്റ് വീശിയത്. ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ ഒറ്റ ഓവറില്‍ പുരാന്‍ നാല് തുടര്‍ സിക്‌സുകളാണ് തൂക്കിയത്. ഒറ്റ ഓവറില്‍ സ്റ്റ്ബ്‌സ് 28 റണ്‍സ് വഴങ്ങി. പുരാന്‍ 7 സിക്‌സും 6 ഫോറും സഹിതം 30 പന്തില്‍ 75 റണ്‍സടിച്ച് ടോപ് സ്‌കോററായി.
പിന്നീട് ക്രീസിലെത്തിയ മില്ലര്‍ 19 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 27 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. അയുഷ് ബദോനി, ശാര്‍ദുല്‍ ഠാക്കൂര്‍, ഷഹ്ബാസ് അഹമദ്, രവി ബിഷ്‌ണോയ് എന്നിവരെല്ലാം ക്ഷണത്തില്‍ മടങ്ങി.
ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റെടുത്തു. താരം 4 ഓവറില്‍ പക്ഷേ 43 റണ്‍സ് വഴങ്ങി. കുല്‍ദീപ് യാദവ് മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക