
ലഖ്‌നൗ: കൈയിലിരുന്ന മത്സരം ഒരു മനുഷ്യന്‍ ഒറ്റയ്ക്ക് മാറ്റി മറിയ്ക്കുന്ന കാഴ്ച വിക്കറ്റിനു പിന്നില്‍ നിന്നു നോക്കി നില്‍ക്കാനെ ഋഷഭ് പന്തെന്ന 27 കോടിയുടെ റെക്കോര്‍ഡ് വിലയുള്ള നായകനു ഇന്നലെ സാധിച്ചുള്ളു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് 1 വിക്കറ്റിന്റെ അമ്പരപ്പിക്കുന്ന ജയം സ്വന്തമാക്കിയപ്പോള്‍ അശുതോഷ് ശര്‍മയെന്ന 26കാരനാണ് സ്റ്റേഡിയത്തില്‍ നിറഞ്ഞു നിന്നത്. താരം 31 പന്തില്‍ പുറത്താകാതെ അടിച്ചെടുത്ത 66 റണ്‍സ് ഡല്‍ഹിക്ക് ത്രില്ലര്‍ ജയം സമ്മാനിക്കുകയായിരുന്നു. 5 വീതം സിക്‌സും ഫോറും സഹിതം കിടിലന്‍ ഇന്നിങ്‌സാണ് ക്രിക്കറ്റ് ലോകം കണ്ടത്.
വമ്പന്‍ സ്‌കോര്‍ ചെയ്‌സ് ചെയ്യുമ്പോഴുള്ള മാനസികാവസ്ഥ, പഞ്ചാബ് കിങ്‌സിനൊപ്പം 2024ലെ ഐപിഎല്‍ അരങ്ങേറ്റം, നിലവിലെ ഡല്‍ഹി ടീം മെന്ററും ഇതിഹാസ ഇംഗ്ലീഷ് താരവുമായ കെവിന്‍ പീറ്റേഴ്‌സനുമായുള്ള ബന്ധം തുടങ്ങിയവയെ കുറിച്ചു താരം മനസ് തുറന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിലാണ് താരം ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ സീസണില്‍ തന്നെ വരവറിയിച്ചു. മികച്ച പ്രകടനം നടത്തിയിട്ടും അശുതോഷിനെ ഇത്തവണ റിലീസ് ചെയ്ത പഞ്ചാബ് ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാകും.
'ക്രീസില്‍ എത്തിയാല്‍ 20 ഓവര്‍ വരെ പുറത്താകാതെ ബാറ്റ് ചെയ്യുക എന്നതു ഞാന്‍ മനസില്‍ ഉറപ്പിച്ചാണ് എത്തിയത്. നല്ല ആത്മവിശ്വാസത്തോടെ തന്നെ കളിക്കാനും കഴിഞ്ഞു. മോഹിത് ശര്‍മ ഒരു സിംഗിള്‍ എടുത്തു സ്‌ട്രൈക്ക് കൈമാറിയാല്‍ ഞാന്‍ സിക്‌സടിക്കുമെന്നു ഉറപ്പിച്ചിരുന്നു.'
'ഒറ്റ വിക്കറ്റ് മാത്രമാണ് അവസാന ഘട്ടത്തില്‍ ഡല്‍ഹിയുടെ കൈവശമുണ്ടായിരുന്നത്. ആദ്യ പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച മോഹിത് രണ്ടാം പന്തില്‍ സിംഗിള്‍ എടുത്തു അസുതോഷിനു സ്‌ട്രൈക്ക് കൈമാറി. അപ്പോള്‍ ഡല്‍ഹിക്കു ജയിക്കാന്‍ 4 പന്തില്‍ 5 റണ്‍സ് എന്ന നില. മൂന്നാം പന്തില്‍ ബാറ്റ് ചെയ്ത അശുതോഷ് കൂറ്റന്‍ സിക്‌സിലൂടെ ഡല്‍ഹിയുടെ അവിശ്വസനീയ വിജയം ഉറപ്പാക്കി.'
'മത്സരം നടന്ന വിശാഖപട്ടണത്തെ ഈ സ്റ്റേഡിയത്തില്‍ എനിക്കു മുന്‍പരിചയമുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ഇവിടെ കളിച്ചത്. ഗ്രൗണ്ടിന്റെ അവസ്ഥയെക്കുറിച്ചു അതുകൊണ്ടു തന്നെ എനിക്ക് ധാരണയുണ്ടായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ പിച്ചിന്റെ അവസ്ഥയും ഉള്‍ക്കൊണ്ടിരുന്നു. വിക്കറ്റ് എന്നെ സംബന്ധിച്ചു ബാറ്റിങിനു വളരെ അനുകൂലമായിരുന്നു.'
'കഴിഞ്ഞ സീസണില്‍ പഞ്ചാബിലും എന്റെ മനോഭാവം പോസിറ്റീവായിരുന്നു. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഞാന്‍ കാര്യമായി ശ്രദ്ധിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ പഠിച്ചതാണ് ഞാന്‍ പ്രയോഗിക്കുന്നത്.'
'ടീം മെന്റര്‍ കെവിന്‍ പീറ്റേഴ്‌സനുമൊത്തുള്ള നിമിഷങ്ങള്‍ ആവേശകരമാണ്. അദ്ദേഹം ഇതിഹാസ താരമാണ്. അദ്ദേഹം കളിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങള്‍ ഞാന്‍ ചോദിച്ചിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള നിമിഷങ്ങള്‍ ആസ്വദിക്കുന്നുണ്ട്'- അശുതോഷ് വ്യക്തമാക്കി.
നാടകീയ പോരാട്ടത്തിനാണ് ആരാധകര്‍ ഇന്നലെ സാക്ഷികളായത്. 210 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ലഖ്‌നൗ ഉയര്‍ത്തിയത്. ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയെടെയായിരുന്നു. ആദ്യ ഓവറില്‍ ഓപ്പണര്‍മാരെ തുടരെ മടക്കി വെറ്ററന്‍ ഓള്‍ റൗണ്ടില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ ഡല്‍ഹിയെ ഞെട്ടിച്ചു. 7 റണ്‍സിനിടെ 3 വിക്കറ്റും 65 റണ്‍സിനിടെ 5 വിക്കറ്റും നഷ്ടമായ ശേഷമാണ് ഡല്‍ഹി അമ്പരപ്പിക്കുന്ന തിരിച്ചുവരവ് നടത്തിയത്. നിര്‍ഭയനായി നിന്നു അശുതോഷ് ബാറ്റ് വീശിയതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബൗളര്‍മാര്‍ ഉത്തരമില്ലാതെ ഇരുട്ടില്‍ തപ്പി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക