

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കായി കളിക്കാനുള്ള തീരുമാനം മാറ്റി യുവ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അടുത്ത സീസണ്‍ മുതല്‍ ഗോവയ്ക്കായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനായി മുംബൈ ടീമില്‍ നിന്നു ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട് താരം എന്‍ഒസിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ താന്‍ തുടര്‍ന്നും മുംബൈക്കായി കളിക്കുമെന്നും എന്‍ഒസി പിന്‍വലിക്കുകയാണെന്നും താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.
ഏപ്രില്‍ മാസത്തിലാണ് താരം ഏവരേയും അമ്പരപ്പിച്ച് ഗോവയിലേക്ക് പോകാന്‍ തീരുമാനിച്ചത്. താരത്തിന്റെ അപേക്ഷയില്‍ മുംബൈ അതിവേഗം തീരുമാനവും എടുത്തിരുന്നു. ഗോവയ്ക്കായി കളിക്കാന്‍ അനുമതിയും നല്‍കിയിരുന്നു.
അടുത്ത സീസണിലും മുംബൈക്കായി കളിക്കാന്‍ താന്‍ ഒരുക്കമാണെന്നു താരം ഇ മെയില്‍ വഴി അസോസിയേഷനെ വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കുടുംബം ഗോവയിലേക്ക് താമസം മാറുന്നതുമായി ബന്ധപ്പെട്ടാണ് ഗോവയ്ക്കായി കളിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ കുടുംബം ഗോവയിലേക്കുള്ള മാറല്‍ ഉപേക്ഷിച്ചതായും അതിനാല്‍ തുടര്‍ന്നും മുംബൈക്കായി കളിക്കാന്‍ ഒരുക്കമാണെന്നും താരം മെയിലില്‍ വ്യക്തമാക്കി. നിലവില്‍ മുംബൈ അസോസിയേഷനു മാത്രമേ എന്‍ഒസി അപേക്ഷ നല്‍കിയിട്ടുള്ളു എന്നും ബിസിസിഐ, ഗോവ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും താരം മെയിലില്‍ പറയുന്നു.
സമീപ കാലത്താണ് ഗോവ ടീമിനു പ്ലേറ്റ് ഗ്രൂപ്പില്‍ നിന്നു എലൈറ്റ് ഗ്രൂപ്പിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്. പിന്നാലെയാണ് യശസ്വി ജയ്സ്വാള്‍ ഗോവ ടീമിലേക്ക് മാറാന്‍ ഒരുങ്ങിയത്. മുംബൈ ടീമില്‍ അവസരം കിട്ടാത്തതാണ് താരത്തിന്റെ ഞെട്ടിക്കുന്ന മാറ്റത്തിനു പിന്നിന്നും ഗോവ യശസ്വിയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുംബൈ ടീമുമായി താരത്തിന്റെ ബന്ധം വഷളായതായും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമായി നല്ല ബന്ധമല്ലെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നു. 2022ല്‍ വെസ്റ്റ് സോണ്‍ ക്യാപ്റ്റനായിരുന്ന രഹാനെ ജയ്സ്വാളിനോട് ദക്ഷിണ മേഖലയ്ക്കെതിരായ മത്സരത്തിനിടെ കളത്തില്‍ നിന്നു മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ മേഖല താരമായ രവി തേജയുമായി താരം വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സംഭവം അതിരു കടന്നതോടെയാണ് രഹാനെ താരത്തോടു കളത്തില്‍ നിന്നു മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഈ സംഭവം ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മുംബൈ ടീം സെലക്ഷന്‍ സംബന്ധിച്ചു താരം നിരന്തരം പരാതികള്‍ ഉന്നയിച്ചിരുന്നു. ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ ജമ്മു കശ്മീരിനെതിരായ പോരാട്ടത്തില്‍ താരം രോഹിത് ശര്‍മയ്ക്കൊപ്പം മുംബൈക്കായി ഓപ്പണിങ് ഇറങ്ങിയെങ്കിലും ബാറ്റിങില്‍ പരാജയമായി. മത്സരത്തില്‍ മുംബൈ തോല്‍ക്കുകയും ചെയ്തതോടെ മാനേജ്മെന്റ് താരത്തിന്റെ സമീപനത്തെ വിമര്‍ശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates