
റിയോ ഡി ജനീറോ: നീണ്ട ഇടപെടലുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇതിഹാസ കോച്ച് കാര്‍ലോ ആഞ്ചലോട്ടി എത്തുന്നു. ക്ലബ് ലോകകപ്പിനു മുന്‍പ് തന്നെ ആഞ്ചലോട്ടി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ പടിയിറങ്ങും. 2026ലെ ലോകകപ്പ് ലക്ഷ്യമിട്ടാണ് ബ്രസീല്‍ ആഞ്ചലോട്ടിയുമായി കരാറിലെത്തിയത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍.
സമീപ കാലത്ത് മോശം ഫോമിലൂടെ കടന്നു പോകുന്ന ബ്രസീലിനെ വിജയ സംഘമാക്കി മാറ്റാനുള്ള ദൗത്യമാണ് ആഞ്ചലോട്ടിക്ക് മുന്നിലെ വെല്ലുവിളി. ബ്രസീല്‍ ദേശീയ ടീമിന്റെ ആദ്യ വിദേശ പരിശീലകനെന്ന പെരുമയും 65കാരനും ഇറ്റാലിയന്‍ പൗരനുമായ ഡോണ്‍ കാര്‍ലോയ്ക്ക് സ്വന്തമാകും.
2002ലെ ലോകകപ്പ് ജയത്തിനു ശേഷം ബ്രസീല്‍ ടീമിന്റെ ഗ്രാഫ് താഴേക്കാണ്. സമീപ കാലത്ത് ടീം വലിയ തകര്‍ച്ചയാണ് നേരിടുന്നത്. അതിനിടെ പല പല പരിശീലകര്‍ എത്തിയെങ്കിലും പഴയ പ്രതാപത്തിന്റെ നിഴല്‍ മാത്രമായി കാനറികള്‍ മാറി.
വര്‍ത്തമാന ഫുട്‌ബോളിലെ ഇതിഹാസ പരിശീലകനായി കണക്കാക്കുന്ന ആളാണ് ആഞ്ചലോട്ടി. ക്ലബ് ഫുട്‌ബോളില്‍ അനുപമമായ ഒട്ടേറെ നേട്ടങ്ങളുള്ള അതികായന്‍. ബ്രസീല്‍ ടീമിനെ പഴയ പ്രതാപത്തിലെത്തിക്കാന്‍ ഡോണ്‍ കാര്‍ലോയ്ക്ക് സാധിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബദ്ധവൈരികളായ അര്‍ജന്റീനയോടു 4-1ന്റെ വലിയ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പരിശീലകന്‍ ഡൊറിവാള്‍ ജൂനിയറിനെ ബ്രസീല്‍ പുറത്താക്കിയിരുന്നു. 2014ലെ ലോകകപ്പില്‍ സ്വന്തം മണ്ണില്‍ ജര്‍മനിയോടു 7-1നു തോറ്റതടക്കമുള്ള നാണക്കേടിന്റെ ചരിത്രം വേറെയുമുണ്ട് സെലക്കാവോകള്‍ക്ക്. അതെല്ലാം മായ്ച്ച് പുതിയൊരു ടീമായി 2026ലെ ലോകകപ്പിനെത്തുകയാണ് ബ്രസീല്‍ മുന്നില്‍ കാണുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ