90.23 മീറ്റര്‍! ജാവലിന്‍ ത്രോയില്‍ സ്വപ്‌ന ദൂരം താണ്ടി നീരജ് ചോപ്ര, ചരിത്ര നേട്ടം (വിഡിയോ)

ജര്‍മനിയുടെ മാര്‍ക്ക് വെബര്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു
Neeraj Chopra finally breaches 90m barrier
നീരജ് ചോപ്രഎക്സ്
Updated on

ദോഹ: കരിയറിലാദ്യമായി 90 മീറ്ററെന്ന സ്വപ്‌നം ദൂരം താണ്ടി ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിലാണ് താരത്തിന്റെ സ്വപ്‌നക്കുതിപ്പ്. ജാവലിനിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന പോരാട്ടത്തില്‍ നീരജ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയ പോരാട്ടം അരങ്ങേറിയത്. തന്റെ മൂന്നാം ശ്രമത്തിലാണ് നീരജ് 90 മീറ്റര്‍ കടമ്പ പിന്നിട്ടത്. ഈ ശ്രമത്തില്‍ താരം 90.23 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞു. നീരജ് ആദ്യ ശ്രമത്തില്‍ 88.44 മീറ്ററാണ് പിന്നിട്ടത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിലാണ് 90.23 എത്തിയത്.

നാടകീയ പോരാട്ടത്തിനൊടുവിലാണ് നീരജ് രണ്ടാമനായത്. ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് ഒന്നാം സ്ഥാനത്തെത്തിയത്. മത്സരത്തിന്റെ അഞ്ചാം റൗണ്ട് വരെ നീരജായിരുന്നു മുന്നില്‍. അവസാന റൗണ്ടില്‍ പക്ഷേ വെബര്‍ കരുത്തു കാട്ടി. താരം 91.06 ദൂരം ജാവലിന്‍ പായിച്ചാണ് ഒന്നാം സ്ഥാനത്തെത്തിയത്. ജൂലിയന്‍ വെബറും കരിയറില്‍ ആദ്യമായാണ് 90 മീറ്റര്‍ താണ്ടിയത്. ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് (85.64) ആണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

നീരജിന്റെ ആദ്യ ശ്രമം 88 മീറ്റര്‍ പിന്നിട്ടപ്പോള്‍ മറ്റൊരാള്‍ക്കും 86 മീറ്റര്‍ താണ്ടാനായില്ല. എന്നാല്‍ മത്സരം പുരോഗമിക്കവേ വെബര്‍ നില മെച്ചപ്പെടുത്തി. താരം 89.06 മീറ്റര്‍ പിന്നിട്ടപ്പോള്‍ നീരജിന്റെ നാലാം ശ്രമം 80.56ല്‍ ഒതുങ്ങി. വെബര്‍ 89.94 മീറ്ററാക്കി വീണ്ടും കരുത്തു കൂട്ടി. അടുത്ത ത്രോയില്‍ 91.06 പിന്നിടുകയും ചെയ്തു. നീരജിന്റെ അവസാന ശ്രമം 88.20ല്‍ ഒതുങ്ങി.

മൂന്നാമത്തെ ഏഷ്യന്‍ താരം

സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് നീരജിന്റെ കുതിപ്പ്. ജാവലിനില്‍ 90 മീറ്റര്‍ കടമ്പ പിന്നിടുന്ന മൂന്നാമത്തെ ഏഷ്യന്‍ താരമായി നീരജ് മാറി. പാകിസ്ഥാന്‍ അര്‍ഷാദ് നദീം (92.97), ചൈനീസ് തായ്‌പേയിയുടെ ഷാവോ സുന്‍ ചെങ് (91.36) എന്നിവരാണ് നീരജിനു മുന്‍പ് നേട്ടം തൊട്ടവര്‍. ലോകത്ത് ഈ നേട്ടത്തിലെത്തുന്ന 25ാമത്തെ താരമായി നീരജ് മാറി. 26ാം സ്ഥാനക്കാരനായി മാര്‍ക്ക് വെബറും പേരെഴുതി ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com