
ഷാര്‍ജ: ബംഗ്ലാദേശിനെതിരെ ചരിത്രത്തിലാദ്യമായി ഒരു ടി20 പോരാട്ടം വിജയിച്ച് യുഎഇ. അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം കൂടിയായി ഇതു മാറി. ടി20യില്‍ യുഎഇ റണ്‍സ് പിന്തുടര്‍ന്നു നേടുന്ന ഏറ്റവും വലിയ വിജയവും ഇതുതന്നെ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍. ഇതോടെ അവസാന മത്സരം നിര്‍ണായകമായി.
ബംഗ്ലാദേശ് ഉയര്‍ത്തിയ 206 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം യുഎഇ ഒരു പന്ത് ബാക്കി നില്‍ക്കെ 8 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് അടിച്ചെടുത്തത്.
യുഎഇ ക്യാപ്റ്റന്‍ മുഹമ്മദ് വാസിം കിടിലന്‍ ബാറ്റിങുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. താരം വെറും 42 പന്തില്‍ 9 ഫോറും 5 സിക്‌സും സഹിതം 82 റണ്‍സ് അടിച്ചെടുത്തു. സഹ ഓപ്പണര്‍ മുഹമ്മദ് സൊഹൈബ് ക്യാപ്റ്റനെ പിന്തുണച്ചതോടെ അവര്‍ അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങി. സൊഹൈബ് 34 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സ് കണ്ടെത്തി.
ഇരുവരും ചേര്‍ന്നു 10.1 ഓവറില്‍ 107 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണെങ്കിലും ശേഷിക്കുന്ന ബാറ്റര്‍മാരുടെ അവസരോചിത മികവാണ് വിജയമുറപ്പിച്ചത്. ആസിഫ് ഖാന്‍ (19), അലിഷന്‍ അഷ്‌റഫു (13), ഹയ്ദര്‍ അലി (പുറത്താകാതെ 6 പന്തില്‍ 15 റണ്‍സ്) എന്നിവരും കാര്യമായ സംഭാവന നല്‍കി.
ബംഗ്ലാദേശിനായി ഷൊരിഫുള്‍ ഇസ്ലാം, നഹിദ് റാണ, റിഷാദ് ഹുസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. തന്‍വിര്‍ ഇസ്ലാം, തന്‍സിം ഹസന്‍ ഷാകിബ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ഒപ്പണര്‍ തന്‍സിദ് ഹസന്‍ നേടിയ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ ലിറ്റന്‍ ദാസ്, തൗഹിദ് ഹൃദോയ് എന്നിവരുടെ മികവുമാണ് ബംഗ്ലാദേശിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തന്‍സിദ് 33 പന്തില്‍ 3 സിക്‌സും 8 ഫോറും സഹിതം 59 റണ്‍സെടുത്തു.
ലിറ്റന്‍ 32 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സെടുത്തു. 3 ഫോറും 2 സിക്‌സും സഹിതം 24 പന്തില്‍ 45 റണ്‍സുമായി തൗഹിതും മികവു കാണിച്ചു. വെറും 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സെടുത്ത് ജാകര്‍ അലിയും തിളങ്ങി. നജ്മല്‍ ഹുസൈന്‍ ഷാന്റോയാണ് തിളങ്ങിയ മറ്റൊരാള്‍. താരം 19 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സ് അടിച്ചു.
യുഎഇക്കായി മുഹമ്മദ് ജവാദുല്ല 3 വിക്കറ്റുകള്‍ വീഴ്ത്തി. സഗിര്‍ ഖാന്‍ 2 വിക്കറ്റുകള്‍ സ്വന്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ