

അഹമ്മദാബാദ്: പ്ലേ ഓഫ് ഉറപ്പിച്ച ശേഷം തുടരെ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി ഗുജറാത്ത് ടൈറ്റന്‍സ്. ഇതോടെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിന്നു ഒരുപക്ഷേ അവര്‍ പുറത്തു പോകാനും സാധ്യതയുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് അവര്‍ കനത്ത തോല്‍വി ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെന്ന കൂറ്റന്‍ സ്‌കോറുയര്‍ത്തി. ഗുജറാത്തിന്റെ പോരാട്ടം 18.3 ഓവറില്‍ 147 റണ്‍സില്‍ അവസാനിച്ചു. ചെന്നൈയ്ക്ക് 83 റണ്‍സ് ജയം.
സീസണ്‍ നിരാശപ്പെടുത്തുന്നതായിരുന്നു സിഎസ്‌കെയ്ക്ക്. ജയത്തോടെ പോരാട്ടം അവസാനിപ്പിക്കാന്‍ സാധിച്ചത് അവര്‍ക്ക് ആശ്വാസം. റെക്കോര്‍ഡ് ചാംപ്യന്‍മാരുടെ സീസണിലെ നാലാം ജയമാണിത്.
ഗുജറാത്ത് തുടരെ രണ്ട് കളികള്‍ തോറ്റതോടെ അടുത്ത മത്സരങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകള്‍ വിജയിച്ചാല്‍ അവര്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തും. ഇതോടെ ഗുജറാത്ത് എലിമിനേറ്റര്‍ കളിക്കേണ്ട സ്ഥിതിയാകും. നാലാം സ്ഥാനത്ത് നിലവില്‍ മുംബൈ ഇന്ത്യന്‍സാണ്. അവരും പഞ്ചാബും തമ്മിലാണ് മത്സരം. ഇതില്‍ ജയിക്കുന്നത് മുംബൈ ആണെങ്കില്‍ അവര്‍ക്കും 18 പോയിന്റാകും. അങ്ങനെ വന്നാല്‍ ആദ്യ രണ്ടില്‍ എത്താന്‍ മുംബൈക്കും അവസരമുണ്ട്.
ഗുജറാത്തിനായി പതിവു പോലെ സായ് സുദര്‍ശന്‍ തിളങ്ങിയെങ്കിലും മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഗുജറാത്തിനു നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇറങ്ങിയ ഗില്‍ 9 പന്തില്‍ 13 റണ്‍സുമായി പുറത്തായി.
സായ് സുദര്‍ശനാണ് ടോപ് സ്‌കോറര്‍. താരം 28 പന്തില്‍ 6 ഫോറുകള്‍ സഹിതം 41 റണ്‍സെടുത്തു മടങ്ങി. 15 പന്തില്‍ 2 സിക്സുകള്‍ സഹിതം 19 റണ്‍സെടുത്ത് ഷാരൂഖ് ഖാനും പൊരുതാനൊരുങ്ങിയെങ്കിലും അധികം നിന്നില്ല.
അവസാന ഘട്ടത്തില്‍ അര്‍ഷാദ് ഖാനും കൂറ്റനടികളുമായി കളി പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും അധികം നീണ്ടില്ല. താരം 14 പന്തില്‍ 3 സിക്സുകള്‍ സഹിതം 20 റണ്‍സെടുത്തു.
ബൗളിങില്‍ സിഎസ്‌കെയ്ക്കായി നൂര്‍ അഹമദ് മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 21 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. അന്‍ഷുല്‍ കാംബോജും ഗുജറാത്തിനെ വിറപ്പിച്ചു. താരം 2.3 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമദ്, മതീഷ പതിരന എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി ഇറങ്ങിയവരെല്ലാം സിക്സടിച്ച ഇന്നിങ്സ് എന്ന പ്രത്യേകതയുണ്ട്. ടോസ് നേടി സിഎസ്‌കെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഡെവാള്‍ഡ് ബ്രെവിസ്, ആയുഷ് മാത്രെ, ഉര്‍വില്‍ പട്ടേല്‍, ചെന്നൈ ഇത്തവണ പകരക്കാരായി കൊണ്ടു വന്ന മൂന്ന് താരങ്ങളും തകര്‍പ്പനടികളുമായി കളം വാണതോടെയാണ് അവരുടെ സ്‌കോര്‍ കുതിച്ചത്. ഡെവാള്‍ഡ് ബ്രവിസ് അര്‍ധ സെഞ്ച്വറി നേടി.
ബ്രെവിസ് 23 പന്തില്‍ 5 സിക്സും 4 ഫോറും സഹിതം 57 റണ്‍സ് അടിച്ചെടുത്തു. ആയുഷ് മാത്രെ 17 പന്തില്‍ 3 വീതം സിക്സും ഫോറും സഹിതം 34 റണ്‍സ് അടിച്ചു. ഉര്‍വില്‍ പട്ടേല്‍ 2 സിക്സും 3 ഫോറും സഹിതം 19 പന്തില്‍ 37 റണ്‍സും വാരി.
ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും അര്‍ധ ശതകം നേടി. താരം 35 പന്തില്‍ 52 റണ്‍സെടുത്തു. 6 ഫോറും 2 സിക്സും താരം പറത്തി. ശിവം ദുബെ 8 പന്തില്‍ 2 സിക്സുകള്‍ സഹിതം 17 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ പുറത്താകാതെ 18 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 21 റണ്‍സും അടിച്ചു.
ഗുജറാത്ത് ബൗളര്‍മാരില്‍ പ്രസിദ്ധ് കൃഷ്ണ മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്തു. സായ് കിഷോര്‍, റാഷിദ് ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates