

മൊഹാലി: ഐപിഎൽ എലിമിനേറ്ററിലെ നിർണായക പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസ് വിജയം പിടിച്ചത് സ്റ്റാർ പേസർ ജസ്പ്രിത് ബുംറയുടെ മികവിലാണെന്നു ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യ (Pandya on Bumrah). ബുംറയെ മുൻനിർത്തിയുള്ള ഗെയിം പ്ലാനാണ് വിജയം കണ്ടതെന്നു ഹർദ്ദിക് പാണ്ഡ്യ വ്യക്തമാക്കുന്നു. മത്സരത്തിൽ 20 റൺസിന്റെ ത്രില്ലർ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ബുംറ കളി അനുകൂലമാക്കിയതിനെ കുറിച്ച് ഹർദ്ദിക് രസകരമായാണ് പ്രതികരിച്ചത്.
'ഒരു ഘട്ടത്തിൽ കളി ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് കൈയിൽ നിന്നു പോകുമെന്ന പ്രതീതിയുമുണ്ടായി. അത്തരം സന്ദർഭങ്ങളിലെല്ലാം ബുംറയെയാണ് ആശ്രയിക്കാറുള്ളത്. മുംബൈയിലെ വീടുകൾ പോലെയാണ് ബുംറ. അത്രയും വിലയേറിയ താരമാണ് അദ്ദേഹം.'
'ലക്ഷ്യത്തിലേക്ക് കൂടുതൽ റൺസ് നിലനിർത്തി എതിർ ടീമിനു സമ്മർദ്ദമുണ്ടാക്കേണ്ട ഘട്ടത്തിലാണ് അദ്ദേഹത്തെ പന്തേൽപ്പിക്കുന്നത്. ജസി (ബുംറ) വന്ന് 17ാം ഓവർ എറിഞ്ഞു. അതോടെ ഗുജറാത്തിന്റെ ലക്ഷ്യം വീണ്ടും വലുതായി. എനിക്ക് കാര്യങ്ങൾ കുറേകൂടി എളുപ്പമായി. അത് കളിയിൽ നിർണായകമായി'- ഹർദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.
4 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി ബുംറ 1 വിക്കറ്റെടുത്തു. മികവോടെ ബാറ്റ് വീശിയ വാഷിങ്ടൻ സുന്ദറിനെ ബൗൾഡാക്കി താരം മുംബൈയെ കളിയിലേക്ക് മടക്കി കൊണ്ടു വന്നിരുന്നു തന്റെ ആദ്യ സ്‌പെല്ലിൽ. പിന്നീടാണ് കളിയിൽ ഗുജറാത്ത് പിടിമുറുക്കുന്നതിനിടെ ബുറയെ പാണ്ഡ്യ വീണ്ടും പന്തേൽപ്പിച്ചത്.
പകരക്കാരനായി എത്തിയ ഇംഗ്ലണ്ട് താരം ജോണി ബെയർസ്‌റ്റോ, മുൻ ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരുടെ പ്രകടനത്തേയും പാണ്ഡ്യ അഭിനന്ദിച്ചു. ജോണിയുടെ മുംബൈക്കായുള്ള അരങ്ങേറ്റം ഗംഭീരമായിരുന്നുവെന്നു ക്യാപ്റ്റൻ വ്യക്തമാക്കി.
മത്സരത്തിൽ 20 റൺസ് ജയം സ്വന്തമാക്കിയ മുംബൈ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സുമായി ഏറ്റുമുട്ടും. ഈ പോരിൽ ജയിക്കുന്നവർ ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായി ഏറ്റുമുട്ടും.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന കൂറ്റൻ സ്‌കോർ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് സ്വന്തമാക്കാനായത്. 49 പന്തിൽ ഒരു സിക്സും 10 ഫോറുമുൾപ്പെടെ 80 റൺസെടുത്ത സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറർ. സായ് സുദർശൻ ക്രീസിൽ നിൽക്കുന്ന സമയത്ത് ഗുജറാത്ത് ജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.
229 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഗുജറാത്തിന് ഇന്നിങ്സിലെ നാലാം പന്തിൽ നായകൻ ശുഭ്മൻ ഗില്ലിനെ (ഒരു റൺ) നഷ്ടമായി. രണ്ടാം വിക്കറ്റിൽ സായ് സുദർശൻ - കുശാൽ മെൻഡിസ് കൂട്ടുകെട്ട് ഗുജറാത്തിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 34 പന്തിൽ 64 റൺസെടുത്തു. കുശാൽ മെൻഡിസ് 20 റൺസെടുത്തു പുറത്തായി. മൂന്നാം വിക്കറ്റിൽ സായ് സുദർശൻ - വാഷിങ്ടൻ സുന്ദർ കൂട്ടുകെട്ട് 44 പന്തിൽ 84 റൺസെടുത്തു. 24 പന്തിൽ 48 റൺസെടുത്താണ് വാഷിങ്ടൻ സുന്ദർ മടങ്ങിയത്. താരത്തെ ബുംറ ക്ലീൻ ബൗൾഡാക്കി. പിന്നീട് മുംബൈ കളിയിൽ പിടിമുറുക്കി.
ഗുജറാത്ത് വിജയത്തിലേക്ക് അടുക്കുന്നു എന്നു തോന്നിപ്പിച്ച ഘട്ടത്തിൽ മികച്ച ഫോമിലായിരുന്ന സായ് സുദർശനെ ഗ്ലീസൻ ബൗൾഡാക്കി. റൺ റേറ്റ് ഉയർന്നത് ഗുജറാത്ത് ബാറ്റർമാരെ സമ്മർദത്തിലാക്കി. 19-ാം ഓവറിൽ ഷെർഫെയ്ൻ റുഥർഫോർഡ് (15 പന്തിൽ 24 റൺസ്) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. അവസാന ഓവറിൽ ഷാരൂഖ് ഖാനും (13 റൺസ്) മടങ്ങി. 16 റൺസുമായി രാഹുൽ തേവാടിയയും റണ്ണൊന്നുമെടുക്കാതെ റാഷിദ് ഖാനും പുറത്താകാതെ നിന്നു. മുംബൈയ്ക്കു വേണ്ടി ട്രെന്റ് ബോൾട്ട് രണ്ടും ജസ്പ്രിത് ബുംറ, ഗ്ലീസൻ, മിച്ചൽ സാന്റ്നർ, അശ്വനി കുമാർ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ, ഹിറ്റ്മാൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ മുൻനിര ബാറ്റർമാരുടെ മികവിലാണ് മുംബൈ മികച്ച സ്‌കോർ കണ്ടെത്തിയത്. 81 റൺസെടുത്ത രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്‌കോറർ. ഇന്നിങ്സിന്റെ തുടക്കത്തിൽ രോഹിത് നൽകിയ രണ്ടു ക്യാച്ചുകൾ കൈവിട്ടതിന് വലിയ വിലയാണ് ഗുജറാത്തിന് നൽകേണ്ടി വന്നത്.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച മുംബൈയ്ക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ - ജോണി ബെയർസ്റ്റോ കൂട്ടുകെട്ട് നൽകിയത്. 44 പന്തിൽ 84 റൺസ് അടിച്ചുകൂട്ടി മികച്ച അടിത്തറ പാകിയ ശേഷമാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 22 പന്തിൽ 47 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ആദ്യം പുറത്തായത്. പിന്നാലെ സൂര്യകുമാർ യാദവുമായി ചേർന്ന് 34 പന്തിൽ 59 റൺസ് കൂട്ടുകെട്ട് രോഹിത് ശർമ പടുത്തുയർത്തി.
20 പന്തിൽ 33 റൺസെടുത്താണ് സൂര്യകുമാർ യാദവ് മടങ്ങിയത്. രോഹിത് ശർമ തിലക് വർമ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 22 പന്തിൽ 43 റൺസ് നേടി. ടീം സ്‌കോർ 186ൽ എത്തിനിൽക്കെ, സെഞ്ച്വറിയിലേക്കു കുതിക്കുകയായിരുന്ന രോഹിത് മടങ്ങി. 50 പന്തിൽ 4 സിക്സും 9 ഫോറുമുൾപ്പെടെയാണ് രോഹിത് 81 റൺസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates