രാഹുല്‍ ഗാന്ധിക്കോ എകെ ആന്റണിക്കോ ഇല്ലാത്ത തെറ്റിദ്ധാരണ അവരെ മണിയടിക്കാന്‍ വേണ്ടി നില്‍ക്കുന്ന ചിലര്‍ ഉണ്ടാക്കിയെടുത്തതാണ്;സിആര്‍ മഹേഷ് പ്രതികരിക്കുന്നു

എനിക്കാരേയും മണിയടിച്ചും പ്രീണിപ്പിച്ചും സഥാനമാനങ്ങള്‍ നേടിയെടുക്കേണ്ട
രാഹുല്‍ ഗാന്ധിക്കോ എകെ ആന്റണിക്കോ ഇല്ലാത്ത തെറ്റിദ്ധാരണ അവരെ മണിയടിക്കാന്‍ വേണ്ടി നില്‍ക്കുന്ന ചിലര്‍ ഉണ്ടാക്കിയെടുത്തതാണ്;സിആര്‍ മഹേഷ് പ്രതികരിക്കുന്നു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷിന്റെ രാജിയിലേക്ക് നയിച്ചത് പിസി വിഷ്ണുനാഥിന്റെ ഗൂഢാലോചനയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി യോഗത്തില്‍ ഐ വിഭാഗം ആക്ഷേപം ഉന്നയിച്ചിരിക്കുയാണ്, ഈ സാഹചര്യത്തില്‍ തന്റെ നിലപാട് സി ആര്‍ മഹേഷ് സമകാലിക മലയാളത്തിനോട് വിശദീകരിക്കുന്നു. 

ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റ് രാഹുല്‍ ഗാന്ധിയെ ഇടിച്ചു താഴ്ത്താന്‍ വേണ്ടിയാണെന്നും സംഘപരിവാറിനെ സഹായിക്കാന്‍ വേണ്ടിയാണെന്നും പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ശക്തമായ ആക്ഷേപമാണ് ഉണ്ടായത്.പാര്‍ട്ടിക്കകത്ത് നിന്ന് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ അത് ഗൂഢ ലക്ഷ്യത്തോടെ ചെയ്തതാണെന്ന തരത്തില്‍ വഴിതിരിച്ചു വിടാന്‍ സംഘടിതമായ ശ്രമമുണ്ടായി. ഞാന്‍ പറഞ്ഞതെന്താണെന്ന്് രാഹുല്‍ ഗാന്ധിക്കോ എകെ ആന്റണിക്കോ ഇല്ലാത്ത തെറ്റിദ്ധാരണ അവരെ മണിയടിക്കാന്‍ വേണ്ടി നില്‍ക്കുന്ന ചിലര്‍ ഉണ്ടാക്കിയെടുത്തതാണ്. സംഭവത്തിന്റെ നിചസ്ഥിതി വിശദീകരിച്ചുകൊണ്ട് ഞാന്‍ രാഹുല്‍ ഗാന്ധിക്ക് മെയില്‍ അയച്ചിട്ടുണ്ട്. അനുവാദം കിട്ടിക്കഴിഞ്ഞാല്‍ നേരിട്ടു കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കും. എന്തായാലും ഉടനെ നേതൃത്വത്തിലേക്കില്ല എന്നാണ് തീരുമാനം. നേതൃത്വം അനുവദിച്ചാല്‍ കോണ്‍ഗ്രസിന് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കും. ശ്വാസം നിലയ്ക്കുന്ന്ത് വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കും. 

എന്നെസംബന്ധിച്ചിടത്തോളം എനിക്കാരേയും മണിയടിച്ചും പ്രീണിപ്പിച്ചും സഥാനമാനങ്ങള്‍ നേടിയെടുക്കേണ്ട. വിഷ്ണുനാഥിനോട് വ്യക്തിപരമായി സ്‌നേഹവും ബന്ധവുമുണ്ട്. അദ്ദേഹത്തിന്റെ അടുത്തു നിന്നു എനിക്കെതിരായ പരാമര്‍ശം ഉണ്ടായപ്പോള്‍ വിഷമം ഉണ്ടായി. 

ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും ഞാന്‍ സംഘപരിവാര്‍ ആണെന്ന് പാര്‍ട്ടിക്കകത്ത് നിന്ന്  പ്രചരണമുണ്ടായി. പിന്നീട് തെരഞ്ഞെടുപ്പില്‍ തോറ്റ് നിന്നപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ അക്രമം തുടര്‍ന്നു. പലനേതാക്കളോടും ഇക്കാര്യത്തില്‍ സങ്കടം പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അവര്‍ പറഞ്ഞത് അതൊക്കെ ഇതിനകത്ത് ഉള്ളതാണ് എന്നാണ്. 

രാജ്യം മുഴുവന്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്ന സമയത്ത് കെഎസ്‌യുവില്‍ പോലും ഗ്രൂപ്പ് പോര് നടത്തി തമ്മില്‍ തല്ലിച്ച് രസിക്കുകയാണ് ചിലര്‍. അതിനെതിരെയുള്ള മനസ്സില്‍ തോന്നിയ കാര്യമാണ് ഫേസ്ബുക്കില്‍ കുറിച്ചത്. അത് വലിയ തെറ്റല്ല.ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ത്തന്നെ അടിയുറച്ചു നില്‍ക്കുകയാണ്. 

കോണ്‍ഗ്രസ് ഈ രാജ്യത്ത് നിലനില്‍ക്കേണ്ടത് കോണ്‍ഗ്രസിന്റെ മാത്രം ആവശ്യമല്ല, ജനങ്ങളുടെ മുഴുവന്‍ ആവശ്യമാണ്. കോണ്‍ഗ്രസിനെ പോലൊരു മതേതര പാര്‍ട്ടി ഒരിക്കലും  ക്ഷീണിക്കാന്‍ പാടില്ലായെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പോലും ആഗ്രഹിക്കുന്നുണ്ട്. അപ്പോള്‍ ആ നിര്‍ണായക ഘട്ടത്തില്‍ ഗ്രൂപ്പ് വഴക്കുകളും വിഭാഗിയതകളും ഒക്കെ മാറ്റിവെച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയത്ത്  സ്ഥാനമാനങ്ങള്‍ മാത്രം ലക്ഷ്യമിട്ട് ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.നരേന്ദ്ര മോഡി ഒണ്‍മാന്‍ ഷോ കളിച്ച് മുന്നേറുമ്പോള്‍ അതിനെ ചെറുക്കുന്നതിന് പകരം കുറ്റങ്ങള്‍ തിരുത്താന്‍ പറയുന്നവരെ ഒറ്റപ്പെടുത്തി കുഴിയില്‍ വീഴ്ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്.  

ഞാനിത് വെട്ടിത്തുറന്ന് പറഞ്ഞത് എന്റെ അറിവില്ലായമ കൊണ്ടോ,പക്വതയില്ലായ്മ കൊണ്ടോ ആത്മാര്‍ത്ഥത കൂടിയതുകൊണ്ടോ ആകാം. എത്രയോ നേതാക്കള്‍ ചോരയും നീരും കൊടുത്തു വളര്‍ത്തിയെടുത്ത പ്രസ്ഥാനമാണിത്.യൂത്ത് കോണ്‍ഗ്രസിന്റെ എംബ്ലം തന്നെ പരിവര്‍ത്തനത്തിന്റെ ചിഹ്നമാണ്. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസിന് തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്ന സംഘടന എന്ന ഒരു ഐഡന്റിറ്റി ഉണ്ട്.എന്നാല്‍ സംഘടനയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ചില അധികാര മോഹികള്‍ മനപ്പൂര്‍വ്വം കല്ലെറിയാന്‍ ശ്രമിക്കുകായണ്.

സ്ഥിരം പ്രവര്‍ത്തന ശൈലിയുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ല. കാലഘട്ടത്തിനനുസരിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികള്‍ മാറണം. ഇപ്പോല്‍ സിപിഎം പോലും കാലത്തിനനുസരിച്ച് അവരുടെ തെറ്റുകള്‍ തിരുത്തുന്നു. പക്ഷേ ദേശീയതലത്തിലായാലും സംസ്ഥാന തലത്തിലായാലും കോണ്‍ഗ്രസ് തെറ്റ് തിരുത്താറില്ല,ഏറ്റുപറയാറില്ല.47ലേയും 85ലേയും പ്രവര്‍ത്തന രീതി കൊണ്ടിരുന്നാല്‍ ഒന്നും നടക്കില്ല. പുതിയ ആളുകളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. പുതിയ തലമുറയെ അഡ്രസ് ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിക്കണം. കോണ്‍ഗ്രസ് തിരിച്ചറിവുകള്‍ക്ക് വിധേയമാകണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com