സൗമ്യ കേസിലെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി; ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല

സൗമ്യകേസിലെ തുടര്‍നടപടികളെല്ലാം ഇതോടെ അവസാനിക്കുകയും ചെയ്തു.
സൗമ്യ കേസിലെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി; ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല

ന്യൂഡല്‍ഹി: സൗമ്യ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷ കുറ്റത്തില്‍നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത് ആവശ്യമായ കേസ് നിലനില്‍ക്കുന്നില്ല എന്ന നിരീക്ഷണത്തോടെയാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. ഇതോടെ ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ ലഭിക്കില്ല. സൗമ്യകേസിലെ തുടര്‍നടപടികളെല്ലാം ഇതോടെ അവസാനിക്കുകയും ചെയ്തു.
സൗമ്യകേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ ഹൈക്കോടതിയും ശരിവച്ചതിനു പിന്നാലെയാണ് പ്രതിഭാഗം സുപ്രീംകോടതിയില്‍ എത്തിയത്. കേസ് പരിഗണിച്ച് ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍നിന്നും ഒഴിവാക്കുകയായിരുന്നു. ജീവപര്യന്തം തടവു മാത്രമായി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കുകയായിരുന്നു. പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചപ്പോഴും സുപ്രീംകോടതി ഇതേ നിലപാടില്‍ ഉറച്ചുനിന്നു. അവസാനവട്ട ശ്രമമെന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. ഇത് ആറംഗ വിശാല ബെഞ്ച് പരിശോധിച്ചു. ഇതിനെത്തുടര്‍ന്നാണ് വധശിക്ഷയില്‍ നിന്നും ഗോവിന്ദച്ചാമിയെ ഒഴിവാക്കിയ വിധിയില്‍ മാറ്റമില്ലെന്ന തീരുമാനത്തിലെത്തിയതും തിരുത്തല്‍ ഹര്‍ജി തള്ളിയതും.
സൗമ്യയെ മാനഭംഗപ്പെടുത്തിയതിന് തെളിവുകളുണ്ടെങ്കിലും ട്രെയിനില്‍നിന്നും താഴെയിട്ട് കൊലപ്പെടുത്തിയതിന് ആവശ്യമായ തെളിവുകളില്ല എന്ന നിരീക്ഷണത്തോടെയായിരുന്നു നേരത്തെതന്നെ ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍നിന്നും ഒഴിവാക്കിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയപ്പോഴും ഇതുതന്നെയായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഇത് മറ്റൊരു വിവാദത്തിലേക്ക് വഴിവെക്കുകയും ചെയ്തിരുന്നു. കോടതിയുടെ ഈ തീരുമാനത്തെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നിശിതമായി വിമര്‍ശിച്ചിരുന്നു. കട്ജുവിനെതിരെ കോടതിയലക്ഷ്യകേസുവരെ സുപ്രീംകോടതി എടുക്കുകയുണ്ടായി.
പുനഃപരിശോധന ഹര്‍ജി തള്ളിയതിനുശേഷം നീതിക്കായുള്ള അവസാന പോരാട്ടമെന്ന നിലയിലാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയത്. ഇത് ആറംഗ വിശാല ബെഞ്ചാണ് തള്ളിയത്. ഗോവിന്ദച്ചാമി കൊലപാതകം നടത്തിയെന്നതിന് ആവശ്യമായ തെളിവുകള്‍ നല്‍കാന്‍ പ്രോസിക്യൂട്ടര്‍ക്ക് സാധിച്ചില്ല എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. തിരുത്തല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രധാനമായും പരിശോധിക്കുന്നത് വാദം കേട്ടിരുന്ന ജഡ്ജിമാരുടെ താല്‍പര്യങ്ങളെക്കുറിച്ചും മറ്റുമായിരിക്കും. എന്നാല്‍ ഈ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ പറ്റുന്ന തരത്തില്‍ പ്രോസിക്യൂഷന്‍ വാദങ്ങളും തെളിവുകളും ഇല്ലെന്നു തന്നെയായിരുന്നു തിരുത്തല്‍ ഹര്‍ജി പരിഗണിച്ചപ്പോഴും ആറംഗബെഞ്ച് കണ്ടെത്തിയത്. നീതി നിഷേധിക്കപ്പെട്ടുവെന്ന വാദവും സുപ്രീംകോടതി തള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com