സെന്‍കുമാര്‍ കേസ്: അഴിയെണ്ണേണ്ടി വരുമോ ചീഫ് സെക്രട്ടറി?

കോടതി ധനഞ്ജയ കേസിലെ നിലപാടെടുത്താല്‍ നളിനി നെറ്റോ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും
സെന്‍കുമാര്‍ കേസ്: അഴിയെണ്ണേണ്ടി വരുമോ ചീഫ് സെക്രട്ടറി?

ന്യൂഡല്‍ഹി: ടിപി സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കര്‍ണാടകയിലെ ധനഞ്ജയ കേസിനു സമാനമായ നിലപാടു സുപ്രീം കോടതി സ്വീകരിച്ചാല്‍ സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. 1995ലെ ടിആര്‍ ധനഞ്ജയ വേഴ്‌സസ് ജെ വാസുദേവന്‍ കേസിലെ വിധി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കര്‍ണാടകയിലെ അര്‍ബന്‍ ഡെവലപ്‌മെന്റ് സെക്രട്ടറി ആയിരുന്ന ജെ വാസുദേവന് സുപ്രിം കോടതി ഒരു മാസത്തെ തടവു ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ കേസില്‍ തടവു ശിക്ഷയ്ക്കു വിധിക്കപ്പെടുന്ന രാജ്യത്തെ തന്നെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ് ജെ വാസുദേവന്‍. വാസുദേവനെ ശിക്ഷിക്കുന്നതിന് എതിരെ അന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. എഴുപത്തിയഞ്ചോളം ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇതിനെതിരെ ബംഗളൂരുവില്‍ കുത്തിയിരിപ്പു സമരം നടത്തി. മുഖ്യമന്ത്രി എച്ച്ഡി ദേവഗൗഡ തന്നെ നേരിട്ടു ഡല്‍ഹിയിലെത്തി ശിക്ഷ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

കര്‍ണാടകയിലെ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ പ്രമോഷന്‍ സംബന്ധിച്ച 1981ലെ ഹൈക്കോടതി വിധി അനുസരിച്ച് ധനഞ്ജയന് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട് എന്നു വ്യക്തമാക്കി 1993 ജൂലൈയില്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവാണ് വാസുദേവനെ ശിക്ഷിക്കുന്നതിലേക്കു നയിച്ചത്. 1994ല്‍ ധനഞ്ജയന്‍ സ്ഥാനക്കയറ്റം ആവശ്യപ്പെടുകയും ഇതു വീണ്ടും നിയമയുദ്ധത്തില്‍ എത്തുകയും ചെയ്തു. സുപ്രിം കോടതി വിധി വ്യാഖാനിച്ച ഹൈക്കോടതി  എം വെങ്കിടേഷിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ധനഞ്ജയന് അവകാശപ്പെടാനാവില്ലെന്നാണ് വിധിച്ചത്. ഇതിനെത്തുടര്‍ന്ന് പ്രമോഷനുള്ള ധനഞ്ജയന്റെ അപേക്ഷ സര്‍ക്കാര്‍ തള്ളി. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ധനഞ്ജയന് നിയമനം നല്‍കാനായി അധിക തസ്തിക സൃഷ്ടിച്ച് പ്രമേയം പാസാക്കിയെങ്കിലും ഇത് കൗണ്‍സിലിന്റെ അധികാര പരിധിക്കു പുറത്തുള്ള കാര്യമാണെന്നു ചൂണ്ടിക്കാട്ടി കമ്മിഷണര്‍ തള്ളുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി ധനഞ്ജയന്‍ സുപ്രിം കോടതിയില്‍ എത്തിയത്. 

ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചത്. ധനഞ്ജയന് സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതകള്‍ ഇല്ലെന്നും നഗര വികസന സെക്രട്ടറിയായിരുന്ന വാസുദേവന്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. ധനഞ്ജയന്റെ യോഗ്യത സംബന്ധിച്ച വസ്തുതകള്‍ നേരത്തെ അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വാദംതള്ളി വാസുദേവനെ കോടതിയലക്ഷ്യത്തിനു ശിക്ഷിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. 

ധനഞ്ജയ കേസിലെ സുപ്രിം കോടതി വിധി അന്നു തന്നെ നിയമ വൃത്തങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. ധനഞ്ജയന് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട് എ്ന്നാണ് ആദ്യ ഉത്തരവില്‍ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നത്. ഇത് എന്തൊക്കെയെന്ന് കോടതി വിശദീകരിച്ചില്ല എന്നാണ് ഒരു വിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. ധനഞ്ജയന് പ്രമോഷന്‍ നല്‍കണമെന്ന് ആദ്യ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. നിയമസഭയില്‍ ഇക്കാര്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കിടെ നിയമമന്ത്രി സിഎം നാനയ്യ തന്നെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി.

എന്തായാലും കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കേസ് എന്ന നിലയിലാണ് നിയമ ചരിത്രത്തില്‍ ധനഞ്ജയ കേസിന്റെ സ്ഥാനം. ഉത്തരവു നടപ്പാക്കുന്നതിലെ വീഴ്്ച മാത്രമാണ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുമ്പോള്‍ സുപ്രിം കോടതി കണക്കിലെടുത്തത്. ഉത്തരവ് വന്നതിനു ശേഷം അതില്‍ വ്യാഖ്യാനങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ സാധ്യതയില്ലെന്ന സൂചന കൂടി ഈ കേസില്‍ സുപ്രിം കോടതി നല്‍കി. സമാന സാഹചര്യമാണ് കേരളത്തിലേതെന്ന സൂചനയിലാണ് ടിപി സെന്‍കുമാര്‍ ഹര്‍ജിയില്‍ ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.

നളിനി നെറ്റോയ്ക്ക് എതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതിയില്‍ എത്തുന്നതോടെ സംസ്ഥാനത്തെ ഉദ്യോഗ പോരിന് പുതിയ തലം കൂടിയാവും അത്. നളിനി നെറ്റോയാണ് തന്റെ സ്ഥാനചലത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പുനര്‍ നിയമനം വൈകിപ്പിക്കാനും അവര്‍ തന്നെയാണ് ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നളിനി നെറ്റോയുടെ പ്രമോഷന്‍ തടയാന്‍ സെന്‍കുമാര്‍ ശ്രമിച്ചിരുന്നതായി അന്നു തന്നെ സൂചനകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com